റാവൽപിണ്ടി: താലിബാന്റെ ‘ഗോഡ്ഫാദർ’ എന്നറിയപ്പെടുന്ന മൗലാന സമിയുൾ ഹഖിനെ(82) മരിച്ചനിലയിൽ കണ്ടെത്തി. റാവൽപിണ്ടിയിലെ വസതിയിലാണ് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപോപ്പർട്ട്. ഇസ്ലാമാബാദിലെ ഒരു പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കാൻ യാത്ര തിരിച്ച ഹഖ് ഗതാഗതതടസം കാരണം വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും അജ്ഞാതരായ അക്രമികളാണ് ഹഖിനെ വധിച്ചതെന്നും മകൻ പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഹഖ് വധിക്കപ്പെട്ടപ്പോൾ ബന്ധുക്കൾ ആരും വീട്ടിലുണ്ടായിരുന്നില്ല. പിതാവിന്റെ ശരീരത്തിൽ നിരവധി തവണ അക്രമികൾ കുത്തിയ മുറിപ്പാടുകളുണ്ടെന്നും മകൻ ഹമിദുൾ പറഞ്ഞു. മൃതശരീരം പോസ്റ്റുമോർട്ടത്തിനായി റാവൽപിണ്ടിയിലെ ഡിഎച്ച്ക്യു ആശുപത്രിയിലേക്കു മാറ്റി.
Post Your Comments