കോട്ടയം•മകൾ കലക്ടറാകുന്നത് സ്വപ്നം കണ്ടു നടന്ന പിതാവിന് സ്വപ്നസാഫല്യം കൈയെത്തും ദൂരത്ത് എത്തിയപ്പോൾ പടികടന്നു വന്നത് മരണം. സുരേന്ദ്രന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകൾ ശിഖ കളക്ടർ ആകുക എന്നത്. എന്നാൽ അവസാനമായി പുറത്ത് വന്ന സിവില്‍ സര്‍വീസ് റിസള്‍ട്ടില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഖ ആ വേഷത്തിൽ കൺനിറയെ ഒന്ന് കാണാൻ അനുവദിക്കാതെ വിധി മരണരൂപത്തിലെത്തുകയായിരുന്നു. അമ്പത്തിഒൻപതുകാരനായ കെകെ സുരേന്ദ്രൻ പ്രമേഹത്തെ തുടർന്നുണ്ടായ അസ്വസ്ഥതകൾ മൂലമാണ് മരിച്ചത്.
പ്രമേഹം ബാധിച്ച് പത്തു വര്‍ഷത്തോളമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ബുധനാഴ്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തിരുന്നു. അതിനുശേഷം വീട്ടിലെത്തിയ സുരേന്ദ്രന് തളര്‍ച്ച അനുഭവപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
തന്റെ വിജയത്തിനുള്ള മുഴുവന്‍ ക്രെഡിറ്റും അച്ഛനാണ് നല്‍കുന്നതെന്നും കാരണം ഐ എ എസ് എന്ന സ്വപ്നം തന്നില്‍ നിക്ഷേപിച്ചത് അദ്ദേഹമാണെന്നും അച്ഛന്റെ ജീവിതാഭിലാഷം തന്നെയാണ് തന്റെ ഈ വിജയമെന്നും റാങ്ക് നേട്ടത്തിനുശേഷം അഭിനന്ദനവുമായി എത്തിയ എല്ലാവരോടും ശിഖ ആവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ നാഗ്പുരിൽ ഐ എ എസ് പരിശീലനത്തിലാണ് ശിഖ.
സുരേന്ദ്രന് പ്രമേഹ ചികിത്സ ആരംഭിച്ചതോടെ സാമ്പത്തികമായി കുടുംബത്തിന് താളംതെറ്റി. എങ്കിലും അച്ഛന്റെയും മകളുടെ സ്വപ്‌നമായാ പദവിയിലേക്ക് ശിഖയെ എത്തിക്കുവാൻ മാതാപിതാക്കൾ അവളെ ഐ എ എസ് പരിശീലനത്തിനയച്ചു. ഭാര്യ സിലോയുടെ മാത്രം വരുമാനം കൊണ്ട് കഴിയേണ്ടി വന്നപ്പോഴും ശിഖയുടെ പരിശീലനത്തിന് ഒരു മുടക്കവും ഈ കുടുംബം വരുത്തിയില്ല. സുരേന്ദ്രന്റെ ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പില്‍ നടക്കും. രണ്ടു പെണ്മക്കൾ ഉള്ള സുരേന്ദ്രന്റെ മൂത്ത മകള്‍ നിവയും ഭര്‍ത്താവ് സുനിലും ദുബായിലാണ്.
Post Your Comments