ആലപ്പുഴ: ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസില്‍ ഉത്തര്‍ പ്രദേശുകാരായ അച്ഛനും അമ്മയ്ക്കും ജീവപര്യന്ത്യം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ബീഹാറുകാരനായ സുഹൃത്തിന് മൂന്ന് വര്‍ഷം കഠിന തടവും.
ഉത്തര്‍പ്രദേശ് ദേവറിയ ജില്ലയില്‍ പാണ്ഡ്യപൂര്‍ ചിത്സാഭാര്‍ വീട്ടില്‍ ബാഷ് ദേവ് (48), ഭാര്യ പ്രതിഭ (33) എന്നിവരെയാണ് കൊലപാതക കുറ്റത്തിന് ജീവപര്യന്ത്യം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. ആറ്മാസം പ്രായമുള്ള മകള്‍ ശിവാനിയെ കൊലപ്പെടുത്തിയതിനാണ് ശിക്ഷ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ആന്റ് പോസ്‌കോ കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഇവരുടെ സുഹൃത്ത് ബീഹാര്‍ ബാരി ജില്ലയില്‍ തൃക്കവറിയ സമര ബസാര്‍ ബെഞ്ചറിയ വീട്ടില്‍ ധനോജ് പ്രമോദിനെ (33) മൂന്ന് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു.
2015 ഒക്ടോബര്‍ 13ന് അഴീക്കല്‍ പുലിമുട്ടിന് സമീപം ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ എത്തിയവരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്. ബാഷ് ദേവും കുടുംബവും കായംകുളം നഗരസഭ ഒന്‍പതാം വാര്‍ഡില്‍ പണ്ടകശാലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാത്രി വീട്ടിലെ കട്ടിലില്‍ അടിച്ച് കുഞ്ഞിനെ മൃതപ്രായമാക്കിയ ശേഷം കടലില്‍ ഉപേക്ഷിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടി ജനിച്ചത് ഭാരമാണെന്ന തോന്നലാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
Post Your Comments