KeralaLatest News

ശബരിമല : കേന്ദ്രത്തില്‍ നിന്ന് അനുവദിച്ചത് 100 കോടിയുടെ പദ്ധതികള്‍ : കേരളം തുടങ്ങിയത് ആകെ മൂന്ന് പദ്ധതികള്‍

പത്തനംതിട്ട : ശബരിമലയുടെ നവീകരണത്തിനായി കേരളത്തിന് കേന്ദ്രം അനുവദിച്ചത് 100 കോടിയുടെ പദ്ധതികള്‍. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ നിന്നാണ് കേരളത്തിന് 100 കോടിയുടെ പദ്ധതികള്‍ കേന്ദ്രം അനുവദിച്ചത്. പൂര്‍ത്തിയാക്കാനുളള കാലാവധി കഴിയാന്‍ ഒന്നര മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും തുടങ്ങാന്‍ കഴിഞ്ഞത് 3 എണ്ണം മാത്രമാണ് അവയ്ക്കാകട്ടെ കാര്യമായ പുരോഗതിയുമില്ല.

സന്നിധാനത്ത് 2 ഹെല്‍ത്ത് കിയോസ്‌കിന് 64.25 ലക്ഷം, വളവുകളില്‍ 560 മീറ്റര്‍ പുതിയ വഴിക്ക് 504.60 ലക്ഷം, ക്യു കോംപ്ലക്‌സിന് 682.11 ലക്ഷം, പില്‍ഗ്രിം സെന്ററിന് 90.56 ലക്ഷം, പ്രസാദം കൗണ്ടറിന് 680.34 ലക്ഷം, മണ്ഡപം നിര്‍മാണത്തിന് 49.50 ലക്ഷം, ഇരുപ്പിടങ്ങള്‍ക്ക് 397.93 ലക്ഷം, സാംസ്‌കാരിക പരിപാടിക്ക് സ്റ്റേജിന് 411.86 ലക്ഷം, ശുദ്ധജല വിതരണത്തിന് ആര്‍ഒ പ്ലാന്റ് സ്ഥാപിക്കാന്‍ 45.31 ലക്ഷം.

പമ്പയില്‍ 3 കിയോസ്‌കുകള്‍ക്ക് 46.20 ലക്ഷം, പാര്‍ക്കിങ് ഏരിയാ നിര്‍മാണത്തിന് 638.31 ലക്ഷം, നടന്നുപോകാന്‍ പുതിയ വഴിക്ക് 443.36 ലക്ഷം, മണ്ഡപം നിര്‍മാണത്തിന് 59.21 ലക്ഷം, പമ്പാ തീരത്ത് ഷവര്‍ നിര്‍മാണത്തിന് 43.34 ലക്ഷം, 5 ശുചിമുറികള്‍ക്ക് 255.29 ലക്ഷം, ഖരമാലിന്യ സംസ്‌കരണത്തിന് 80.13 ലക്ഷം, മാലിന്യ സംസ്‌കരണശാലയ്ക്ക് 1561 ലക്ഷം, കുടിവെളള ഫൗണ്ടനുകള്‍ക്ക് 48.58 ലക്ഷം, വൈദ്യുതീകരണത്തിന് 93.75 ലക്ഷം എന്നിവ അനുവദിച്ചു.

മേല്‍പറഞ്ഞ പദ്ധതികള്‍ക്കു ദേവസ്വം ബോര്‍ഡ് വിശദമായ പ്ലാന്‍ തയാറാക്കി ഉന്നതാധികാര സമിതിയ്ക്കു നല്‍കി. പദ്ധതി നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡും ഉന്നതാധികാര സമിതിയും വേണ്ടത്ര താല്‍പ്പര്യം കാട്ടിയില്ലെന്നാണ് ആക്ഷേപം. പമ്പാമണല്‍പ്പുറത്ത് 90 ശുചിമുറികളുടെ ഒരു ബ്ലോക്ക് നിര്‍മിക്കാന്‍ പണി തുടങ്ങി. ഒരുകോടി രൂപയായിരുന്നു ചെലവ്. ഫൗണ്ടേഷനു വേണ്ടിയുളള പില്ലറുകളുടെ പണി നടക്കുന്നതിനിടെയാണു വെളളപ്പൊക്കം ഉണ്ടായത്.

ഇറക്കിയ മെറ്റലും സിമന്റും വെള്ളപ്പൊക്കത്തില്‍ നശിച്ചു. അയ്യപ്പന്മാരുടെ പുണ്യസ്‌നാനത്തിനു ആറാട്ടുകടവിനും ത്രിവേണി ചെറിയ പാലത്തിനും മധ്യേ പടി 300 മീറ്റര്‍ പടികെട്ടുന്ന ജോലിയും തുടങ്ങി. വെള്ളപ്പൊക്കത്തില്‍ അതെല്ലാം മണ്ണുമൂടി. പമ്പയില്‍നിന്നു സന്നിധാനത്തേക്കുളള നീലിമല പാതയില്‍ പടികളും റാംപും നിര്‍മിക്കാനുളള പദ്ധതിക്ക് 4 കോടി നീക്കിവച്ചു. മറ്റൊന്നും തുടങ്ങാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button