KeralaLatest News

ദുബായിലെ വയലും വീടും പരിപാടിക്കിടെ കുഴഞ്ഞു വീണ ചെറുവയല്‍ രാമന്‍ തിരിച്ചെത്തി

കല്‍പറ്റ: പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകന്‍ ചെറുവയല്‍ രാമന്‍ ചികിത്സയ്ക്കുശേഷം ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചത്തി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വയലും വീടും എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ചെറുവയല്‍ രാമന്‍ ദുബായില്‍ പോയത്. വ്യാഴാഴ്ച രാത്രി പരിപാടിയുടെ സ്ഥലത്തെത്തി നെല്‍വിത്തുകള്‍ തരം തിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത് . ഉടന്‍ തന്നെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാര്‍ജായ രാമന്‍ പ്രവാസിമലയാളികള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. പലരുടെയും സഹായത്താല്‍ സ്വരൂപിച്ച പത്തുലക്ഷത്തിലധികം രൂപചിലവിട്ടാണ് രാമനെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്നത്.

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കര്‍ഷകകനായ ചെറുവയല്‍ രാമന്‍ 45 ഇനം നെല്ലുകളാണ് കൃഷി ചെയ്യുന്നത്. പരമ്പരാഗത രീതിയില്‍ നെല്‍വിത്തുകള്‍ സംരക്ഷിക്കുന്ന രാമന് 2016ലെ ജനിതക സംരക്ഷണ പുരസ്‌കാരം, 2014 ല്‍ ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃഷി മന്ത്രി വി എസ് സുനില്‍ കുമാറാണ് ചെറുവയല്‍ രാമനെ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാക്കിയത്. മകന്‍ രാജേഷിനൊപ്പം നാട്ടിലേക്കുള്ള മടക്കയാത്രക്ക് മുമ്പ് വയലും വീടും പരിപാടിയില്‍ പങ്കെടുത്ത്,പ്രതിസന്ധി ഘട്ടത്തില്‍ സഹായികളായ സംഘാടകരോടും സുഹൃത്തുക്കളോടും രാമന്‍ നന്ദി അറിയിച്ചു.

shortlink

Post Your Comments


Back to top button