Latest NewsInternational

എട്ടുവര്‍ഷത്തെ കാത്തിരിപ്പ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബി ജയില്‍ മോചിതയാകുന്നു

ഇസ്ലാമാബാദ്: മതനിന്ദക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അസിയ ബീബി നീണ്ട എട്ടുവര്‍ഷത്തെ കാത്തിരിപിന് ശേഷം ജയില്‍ മോചിതയാകുന്നു. പാക്കിസ്ഥാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സാഖിബ് നിസാമാണ് ശിക്ഷ റദ്ദാക്കി വിധി പുറപ്പെടുവിച്ചത്. മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയാണ് അസിയ ബീബി. തുടര്‍ന്ന് ഈ നടപടിക്കെതിരേ ഇവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കൂടാതെ ഈ കേസ് അല്ലാതെ മറ്റ് കേസുകള്‍ ഒന്നും അസിയ ബീബിയുടെ പേരില്‍ ഇല്ലെങ്കില്‍ എത്രയും വേഗം ഇവരെ ജയില്‍ മോചിതയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

2009ലാണ് കേസിന് ആസ്പദമായ സംഭവം. ക്രിസ്ത്യന്‍ യുവതിയായ അസിയ സമീപത്തെ മുസ്ലിം വിഭാഗക്കാര്‍ ഉപയോഗിച്ചിരുന്ന കിണറില്‍ നിന്ന് വെള്ളം കോരി, അതേ പാത്രത്തില്‍ തന്നെ കുടിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.സംഭവത്തില്‍ 2010ല്‍ അസിയ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

എന്നാല്‍ ശിക്ഷനടപ്പിലാക്കുന്ന തീയതി വിചാരണക്കോടതി പ്രഖ്യാപിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞ എട്ട് വര്‍ഷമായി പാക്കിസ്ഥാനിലെ പേര് വെളിപ്പെടുത്താത്ത ഒരു ജയിലിലാണ് അസിയയെ തടവിലാക്കിയിരുന്നത്. അസിയാ ബീബിക്കു വധശിക്ഷ വിധിച്ചതോടെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ജനങ്ങളെ കുടുക്കുന്ന പാക്കിസ്ഥാനിലെ മതനിന്ദാനിയമത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

പിന്നീട് ഇവരുമായി ചര്‍ച്ചനടത്തിയ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ ഈ മതനിന്ദ നിയമത്തെ വിമര്‍ശിച്ചിരുന്നു. 2011ല്‍ സല്‍മാനെ അദ്ദേഹത്തിന്റെ പോലീസ് ഗാര്‍ഡുതന്നെ വെടിവച്ച് കൊലപ്പെടുത്തി. 1980ല്‍ സിയാ ഉള്‍-ഹക്കിന്റെ പട്ടാള ഭരണകൂടമാണ് പാക്കിസ്ഥാനില്‍ മതനിന്ദാ നിയമം നടപ്പിലാക്കിയത്. മതനിന്ദ നടത്തുന്നവര്‍ക്ക് വധശിക്ഷയാണ് പാക്കിസ്ഥാനില്‍ പതിവ്. 1987നും 2016നും ഇടയില്‍ മാത്രം 1472 പേര്‍ക്കെതിരെയാണ് മതനിന്ദയ്ക്ക് കേസെടുത്തിരിക്കുന്നത്. അസിയയ്ക്ക് അനൂകൂലമായ വിധി വന്നതോടെ മതനിന്ദ നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുമെന്ന് തന്നെയാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button