തിരുവനന്തപുരം: മകളുടെ പേര് വിളിച്ച് ജയില്‍ ഭിത്തികളില്‍ തലയടിച്ച് അലമുറയിടുന്ന തടവുകാരന്‍ ഒമ്പത് മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നൊമ്പര കാഴ്ചയാണ് . പൊന്നുപോലെ നോക്കിയ മകളെ പീഡിപ്പിച്ചെന്നാരോപിച്ച് കൃത്യമായ അന്വേഷണം നടത്താതെ ഈ അച്ഛനെ പ്രതിയെന്നാരോപിച്ചു ജയിലഴിക്കുള്ളില്‍ അടയ്ക്കുകയായിരുന്നു. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ക്രൂരതയ്ക്ക് ഇരയായി ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. പെൺകുട്ടിയെ പീഡിപ്പിച്ചത് ഇയാളല്ലെന്നു പെൺകുട്ടിയുടെ ‘അമ്മ പ്രത്യേക പരാതി നൽകിയിട്ടും ഒരു ഗുണവുമുണ്ടായില്ല.
അവസാനം പെൺകുട്ടി പ്രസവിച്ചപ്പോൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഇയാളല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. എന്നിട്ടും ആ വിവരം കോടതിയെ ധരിപ്പിക്കാതെ ഇരുട്ടറയിലെ നരകയാതനയിലേക്ക് പോലീസ് തള്ളിയിടുകയായിരുന്നു. ഒമ്പത് മാസമായുള്ള പോലീസിന്റെയും ജയിലിലേയും മാനസിക പീഡനത്തില്‍ ശാരീരിക മാനസികാരോഗ്യം നശിച്ചു. പ്രമേഹം കൂടി കാഴ്ച നഷ്ടമായി. ഭ്രാന്തനെപ്പോലെയാണ് പെരുമാറ്റം. ചിലപ്പോള്‍ തലതല്ലിക്കരയും. മകളുടെ പേര് പറഞ്ഞ് ഉറക്കെ നിലവിളിക്കും.
തല ചുവരില്‍ ആഞ്ഞിടിക്കും. തലപൊട്ടി ചോര ഒഴുകും. സഹതടവുകാരാണ് നിരവധി തവണ രക്ഷപ്പെടുത്തിയത്. ഇത് പറയുമ്പോള്‍ കഴിഞ്ഞ ദിവസം ജയിലില്‍ സന്ദര്‍ശിച്ച ബന്ധുവിന്റെ കണ്ണുകള്‍ നിറഞ്ഞു.2018 മാര്‍ച്ച് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പതിനാലുവയസ്സുള്ള പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നാണ് വെഞ്ഞാറമൂട് പോലീസിനെ അറിയിച്ചത്. പോക്‌സോ നിയമ പ്രകാരമുള്ള കേസ് ആയതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.വിജയന് ആയിരുന്നു ചുമതല. സിഐയും വനിതാപോലീസും അടങ്ങുന്ന സംഘം അന്ന് തന്നെ പെണ്‍കുട്ടിയുടെ ചുമതലയും സംരക്ഷണവും ഏറ്റെടുത്തു.
കുട്ടിയോട് സംസാരിക്കാന്‍ അമ്മയെപ്പോലും അനുവദിച്ചില്ല. പെണ്‍കുട്ടിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോലീസ് പിടികൂടുമ്പോഴായിരുന്നു അച്ഛന്‍ വിവരം അറിയുന്നത്. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയോട് ഒന്നും ചോദിക്കാനാകുമായിരുന്നില്ല.മാര്‍ച്ച് മൂന്നിന് 353/2018 നമ്പര്‍ കേസില്‍ നെടുമങ്ങാട് കോടതിയില്‍ ഇയാളെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കേസ് പോക്‌സോ കോടതിയിലേക്ക് മാറ്റി. 2018 മെയ്മാസത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ഇയാളെ വിചാരണ തടവുകാരനാക്കി ജയിലിലടച്ചു. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാഫലം ഇല്ലാതെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
രണ്ട് മാസം പിന്നിട്ടപ്പോള്‍ ഡിഎന്‍എ പരിശോധനാ ഫലം വന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനല്ലെന്ന് തെളിഞ്ഞു. എന്നാല്‍ ഇക്കാര്യം വെഞ്ഞാറമൂട് സിഐ കോടതിയെ ധരിപ്പിച്ചില്ല. വിവരം മറച്ചുവച്ചു. മകളെ പീഡിപ്പിച്ച ക്രൂരനെന്ന് മുദ്രകുത്തിയതിനാല്‍ ബന്ധുക്കളാരും ഇയാളുടെ സഹായത്തിന് എത്തിയതുമില്ല.ഈമാസം ആദ്യമാണ് പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നത്. അപ്പോഴാണ് അച്ഛന്‍ നിരപരാധിയാണെന്ന് അറിയുന്നത്. തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് അച്ഛന്റെ അടുത്ത ബന്ധുവാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പോലീസ് തന്നോട് ഒന്നും ചോദിച്ചില്ലെന്നും വനിതാ പോലീസ് കൊണ്ടുവന്ന പേപ്പറില്‍ ഭീഷണി ഭയന്ന് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അമ്മയോട് പറഞ്ഞു.
കോടതിയില്‍ വച്ച് മൊഴിയെടുക്കുമ്പോള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളും പോലീസും ചേര്‍ന്ന് നടത്തിയ നാടകം പുറത്ത് വരുന്നത്.യഥാര്‍ഥ പ്രതിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലിവാങ്ങി പോലീസ് നടത്തിയ ക്രൂരത ചൂണ്ടിക്കാട്ടിയും മകളുടെ മൊഴിവീണ്ടും എടുക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി. ഇതൊന്നും അറിയാതെ മനസ്സും ശരീരവും തളര്‍ന്ന്, കണ്ണീരോടെ മകളുടെ പേര് വിളിച്ച് വിലപിക്കുന്ന അച്ഛന്റെ വിലാപം ഇപ്പോഴും ജയില്‍ മതിലുകളില്‍ പ്രതിധ്വനിക്കുന്നുണ്ട്.
ഈമാസം അഞ്ചിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം നടത്താൻ റൂറൽ എസ്.പി ഉത്തരവിട്ടിരിക്കുകയാണ് . അന്വേഷണദ്യോഗസ്ഥനായ വെഞ്ഞാറമൂട് സിഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് തുടരന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറിനാണ് അന്വേഷണ ചുമതല.
Post Your Comments