സ്വന്തം കാര്യം നോക്കാനുള്ള തത്രപ്പാടില്‍ ലോകം കുതിക്കുമ്പോള്‍ അതില്‍ നിന്ന് ഏറെ വ്യത്യസ്തനായ ഒരാളുണ്ട് രാജസ്ഥാനില്‍. സ്വന്തം പി എഫ് തുക കൊണ്ട് നാല്‍പ്പത് പെണ്‍കുട്ടികളുടെ ജീവിതമാണ് ഡോക്ടര്‍ ആര്‍ പി യാദവ് മാറ്റി മറിച്ചത്.
പാവപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി ഒരു ബസ് വാങ്ങാനാണ് രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം തന്റെ മുഴുവന്‍ പിഎഫ് തുകയും ചെലവഴിച്ചത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ മഴ നനഞ്ഞ് നടന്ന കുറച്ചു പെണ്‍കുട്ടികള്‍ക്ക് ലിഫ്റ്റ് കൊടുത്തതോടെയാണ് കോളേജിലെത്താനുള്ള അവരുടെ കഷ്ടപ്പാടിനെക്കുറിച്ച് ഡോക്ടര്‍ യാദവും ഭാര്യ താരാവതിയും അറിയുന്നത്. ബസ് സൗകര്യമില്ലാത്തതിനാല്‍ എന്നും നടന്നാണ് ഈ കുട്ടികള്‍ കോളേജില്‍ പോയ്‌ക്കൊണ്ടിരുന്നത്.
ഉടന്‍ തന്നെ തന്റെ പിഎഫ് തുക പിന്‍വലിച്ച് ഇവര്‍ക്കായി ഒരു ബസ് വാങ്ങാന്‍ യാദവ് തീരുമാനിക്കുകയായിരുന്നു. രാംനഗര്‍, ബോലപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഇത് ഏറെ ഉപകാരപ്പെടുന്നത്. ബസിന്റെ പൂജ നിര്‍വഹിക്കുന്നതിനായി ബസില്ലാത്തതിന്റെ ബുദ്ധിമുട്ട് തന്നെ അറിയിച്ച അഞ്ച് പെണ്‍കുട്ടികളെയാണ് യാദവ് നിയോഗിച്ചത്.
ഇത്രയും വലിയൊരു സേവനത്തിന് പിന്നില്‍ വ്യക്തിപരമായ ഒരു ദുഖം കൂടിയുണ്ട്. 1976 ല്‍ ആറ് മാസം മാത്രം പ്രായമുള്ള തങ്ങളുടെ പെണ്‍കുഞ്ഞിനെ യാദവ് താരാവതി ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ആ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി 20 ലക്ഷം രൂപ ഇവര്‍ നിക്ഷേപിച്ചിരുന്നു. പുത്രിക്കായി കരുതിയതൊന്നും ആവശ്യമായി വരാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്താന്‍ ഈ ദമ്പതികള്‍ തീരുമാനിച്ചത്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാ്ണ് ഡോക്ടര്‍ യാദവും ഭാര്യയും. മോദി സര്‍ക്കാരിന്റെ ബേട്ടി ബച്ഛാവോ ബേട്ടി പഠാവോ പദ്ധതിയിലും സജീവമാണ് ഇദ്ദേഹം.
Post Your Comments