തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരേ ഇനി കേസ് വേണ്ടെന്നും കൂടുതല്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹറ നിര്‍ദ്ദേശിച്ചു. അറസ്റ്റിലായ സ്ത്രീകളുടെ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കില്ല. കടുത്ത അക്രമം നടത്തിയ സ്ത്രീകളെ മാത്രമേ റിമാന്‍ഡ് ചെയ്യാവൂ എന്നാണ് നിര്‍ദ്ദേശം. പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ നാമജപഘോഷയാത്രയ്ക്കെതിരേ കേസെടുക്കേണ്ടെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു.
ആറ്റിങ്ങലിലും കരുനാഗപ്പള്ളിയിലും നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്തതിന് സ്ത്രീകളടക്കം ആയിരത്തോളം പേര്‍ക്കെതിരെ വീതം കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. സ്ത്രീകള്‍ക്കെതിരേ കേസെടുത്തതിനെ എന്‍.എസ്.എസും ബി.ജെ.പിയും ശക്തമായ എതിര്‍ത്ത സാഹചര്യത്തിലാണ് പൊലീസ് നിലപാട് മയപ്പെടുത്തിയത്. അതേസമയം, ശബരിമല പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ അറസ്റ്റ് ഇന്നലെയും തുടര്‍ന്നു. ഇന്നലെ വരെ മൂവായിരത്തോളം പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.
Post Your Comments