തൃശൂര്‍: നിര്‍ധന കുടുംബത്തില്‍പ്പെട്ട യുവാവിന് സഹായഹസ്തവുമായി മനുഷ്യാവകാശ കമ്മീഷന്. അമ്മയെ ചികിത്സിക്കുന്നതിന് പണം കണ്ടെത്താന്‍ വൃക്ക വില്ക്കാന് തീരുമാനിച്ച തൃശൂര്‍ സ്വദേശിയായ യുവാവിന് കൈത്താങ്ങുമായാണ് മനുഷ്യാവകാശ കമ്മീഷന് എത്തിയത്. അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. അമ്മയെ ചികിത്സിക്കാന്‍ മകന് സുമേഷ് തന്റെ വൃക്ക വില്ക്കാന് തീരുമാനിച്ച പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
തലയിലെ രക്തധമനി പൊട്ടി സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ നെടുപുഴ വട്ടപ്പിന്നി ഉദയനഗറില്‍ ഓമനയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ് കമ്മീഷന് ഉത്തരവിട്ടത്. തൃശൂര്‍ ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് കാരൂണ്യ ബനവലന്റ് ഫണ്ടില്‍നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നോ ചികിത്സയ്ക്ക് ആവശ്യമുള്ള പണം ലഭ്യമാക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
രണ്ടരസെന്റ് സ്ഥലവും ഓടിട്ട വീടുമുണ്ടെങ്കിലും അത് സുമേഷിന്റെ സഹോദരിയുടെ മകള്‍ക്ക് ചികിത്സയ്ക്കായി പണയപ്പെടുത്തിയിരിക്കുകയാണ്. കൂലിവേല ചെയ്യുന്ന സുമേഷ് അവിവാഹിതനാണ്. അമ്മയുടെ ജീവന് തിരികെ വേണമെങ്കില്‍ പണം കൂടിയേ തീരൂ എന്ന അവസ്ഥ വന്നപ്പോഴാണ് സുമേഷ് വൃക്ക വില്ക്കാന് തീരുമാനിച്ചത്.
Post Your Comments