തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി. ചിരാതുകളില്‍ ദീപങ്ങളുടെ നിരയൊരുക്കിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കങ്ങള്‍ പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്. പതിന്നാല് വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന് അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ രാജ്യം മുഴുവന്‍ ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ അദ്ദേഹത്തെ വരവേറ്റതിന്റെ ഓര്‍മ്മയാണ് ദീപാവലിയെന്നാണ് വിശ്വാസം. തിന്മയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്ണന് നന്മയുടെ വെളിച്ചം പകര്‍ന്നതിന്റെ ഓര്‍മ്മക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നും ഐതിഹ്യമുണ്ട്.
കേരളത്തില്‍ തെക്കന്‍ ജില്ലകളിലാണ് ദീപാവലി പ്രധാനമായും ആഘോഷിക്കുന്നത്. എന്നാൽ ഉത്തരേന്ത്യയിലാണ് ദീപാവലി കൂടുതലായി വിശ്വാസികള്‍ കൊണ്ടാടുന്നത്. തമിഴ്നാട്ടിലും ആഘോഷങ്ങൾക്ക് കുറവില്ല. നരാകസുരനെ വധിച്ച ശ്രീകൃഷ്ണന് പുലരും വരെ സ്നാനം ചെയ്തു എന്ന ഐതിഹ്യത്തെ അനുസ്മരിച്ചുകൊണ്ടാണ് ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാസ്നാനം നടത്തുന്നത്. ഇതുവഴി നരകത്തില്‍നിന്നും മുക്തി നേടാം എന്നാണ് സങ്കല്‍പ്പം. ശരീരത്തില്‍ മുഴുവന്‍ തൈലം പുരട്ടി ചെമ്പ് പാത്രത്തില്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ സ്നാനം ചെയ്താല്‍ ഗംഗാ സ്നാനം ചെയ്തഫലം ലഭ്യമാകും എന്നും ഭഗവദ് അനുഗ്രഹം കിട്ടും എന്നും വിശ്വാസമുണ്ട്.
Post Your Comments