KeralaLatest NewsIndia

ശബരിമല: സംസ്ഥാനത്ത് 2000ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തി പോലീസ്

ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ പോലീസ് സംസ്ഥാന വ്യാപകമായി 2000ലധികം പേരെ അറസ്റ്റ് ചെയ്തു. 452 കേസിലായി 2,061 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ശബരിമലയില്‍ പരിസര പ്രദേശങ്ങളായ പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയെന്ന് പേരിലാണ് ഇവരില്‍ പലരെയും അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ കൂട്ടം കൂടി നിന്നതിനും ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരു‌ടെ യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അറസ്റ്റ്. അതേസമയം 1,500 പേരെ ഇതിനോടകം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കുടുക, കൂട്ടം കൂടി നാമം ജപിക്കുക, പോലീസുമായി ഉന്തും തള്ളിലുമേര്‍പ്പെടുക തുടങ്ങിയ കുറ്റങ്ങള്‍ നടത്തിയെന്ന് പറയപ്പെടുന്നവര്‍ക്കാണ് ജാമ്യം നല്‍കിയിട്ടുള്ളത്.

അതേസമയം പൊതുമുതല്‍ നശിപ്പിക്കുക, സ്ത്രീകളെ ആക്രമിക്കുക, പോലീസിനെ ആക്രമിക്കുക, സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളില്‍ ജാമ്യം നല്‍കിയിട്ടില്ല. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.ഇത് കൂടാതെ കണ്ടാലറിയാവുന്ന സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കൂടുതല്‍ പ്രതികളുടെ ഫോട്ടോകള്‍ പോലീസ് ഇന്ന് പുറത്ത് വിടുമെന്നും പറയപ്പെടുന്നു.

അതേസമയം കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ട് ലുക്കൗട്ട് നോട്ടീസില്‍ ഒരു പോലീസുകാരന്റെ ഫോട്ടോ ഉള്‍പ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പിടിയിലായവരില്‍ ആയിരത്തി അഞ്ഞൂറോളം പേരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. എന്നാല്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്‌റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

ചിത്തിര ആട്ടവിളക്കിന് നട തുറക്കുന്ന നവംബര്‍ അഞ്ചിനും തീര്‍ത്ഥാടന കാലം തുടങ്ങുന്ന 17 മുതലും സംഘര്‍ഷം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, യുവതീ പ്രവേശനത്തെ ഏതുവിധേനയും എതിര്‍ക്കാന്‍ തയ്യാറാകുന്ന ഹിന്ദുസംഘടനകളുടെ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം. ശബരിമലയില്‍ നിന്ന് അക്രമികളെ പൂര്‍ണമായും ഒഴിപ്പിക്കുമെന്നും സമാധാനപരമായ തീര്‍ത്ഥാടനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

https://youtu.be/WPzkMgFnioM

shortlink

Related Articles

Post Your Comments

Related Articles


Back to top button