പിണറായി സർക്കാരിന്റെ സത്യവാങ്മൂലത്തില് ഘടക വിരുദ്ധമായി നായനാർ സർക്കാരിന്റെ കാലത്തെ ദേവസ്വം ബോർഡ് സത്യാ വാങ്മൂലം പുറത്ത്. സന്നിധാനത്തെ ആചാരാനുഷ്ഠാന കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ക്ഷേത്രം തന്ത്രിക്കാണുള്ളതെന്ന 1991ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം പുറത്ത്.
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന സ്ത്രീ പ്രവേശന കേസില്‍ തന്നെയാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഈ നിലപാട് സ്വീകരിച്ചത്. ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കിയ ഹൈക്കോടതി വിധിക്ക് കാരണമായ കേസിലാണ് ദേവസ്വം ബോര്‍ഡ് ഇങ്ങനെയൊരു സത്യവാങ്മൂലം നല്‍കിയത്. ഇതില്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രത്തിന്റെ ഭരണാധികാരം മാത്രമാണുള്ളതെന്നും വ്യക്തമാക്കിയിരുന്നു.
സ്ത്രീ പ്രവേശനം പോലുള്ള വിവാദപരമായ കാര്യങ്ങളിലും ആചാര അനുഷ്ഠാനങ്ങളിലും തന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു ദേവസ്വം ബോര്‍ഡ് 1990-91 കാലഘട്ടത്തില്‍ നടന്ന കേസില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഈ സത്യവാങ്മൂലത്തിനെതിരെ അന്നത്തെ ഇടത് സര്‍ക്കാര്‍ നീങ്ങിയില്ലായെന്നതും ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം ശബരിമലയില്‍ വിവാഹങ്ങളും സിനിമാ ചിത്രീകരണവും നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ അന്നത്തെ തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് അന്ന് കേസില്‍ തെളിവായി പരിഗണിച്ചിരുന്നു.ഇത് കൂടാതെ മാസപൂജ സമയത്ത് എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറിയിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്.
എന്നാല്‍ മണ്ഡല, മകര വിളക്ക് തീര്‍ത്ഥാടന കാലത്തും വിഷു സമയത്തും 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കി വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടായിരുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
Post Your Comments