തിരുവനന്തപുരം: സപ്ലൈകോയിലെ ഉന്നത തസ്തികയില്‍ അട്ടിമറി. അപേക്ഷ ക്ഷണിച്ചു പരീക്ഷയും അഭിമുഖവും നടത്തിയ ശേഷമാണ് നിയമനം ഉന്നതര്‍ അട്ടിമറിച്ചത്. മാനേജര്‍, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്) തസ്തികയില്‍ സി പി ഐ യുടെ ഉന്നത നേതാവിന്റെ മകനു വേണ്ടിയാണു നിയമനം മരവിപ്പിച്ചതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സപ്ലൈകോ അപേക്ഷ ക്ഷണിച്ചത്. നൂറിലേറെ പേര്‍ അപേക്ഷിച്ചു. എല്‍ ബി എസ് സെന്ററില്‍ വെച്ചു നടത്തിയ പരീക്ഷയില്‍ 35 ശതമാനത്തിലധികം മാര്‍ക്കു നേടിയവരില്‍ നിന്ന് അഭിമുഖത്തിനായി എട്ടു പേരെ കഴിഞ്ഞ ഏപ്രിലില്‍ ക്ഷണിച്ചു. അതിനു ശേഷം മേയ്‌യില്‍ അഭിമുഖം നടത്തി നിയമനത്തിന്റെ റാങ്ക് ലിസ്റ്റും തയാറാക്കി.
ഉന്നത വിദ്യാഭ്യാസ യോഗ്യതയും 10 വര്‍ഷത്തെ പ്രവൃര്‍ത്തി പരിചയവും വേണമെന്നു നിഷ്‌കര്‍ഷിച്ചിരുന്ന ഈ ജോലിയുടെ റാങ്ക് ലിസ്റ്റില്‍ എവിടെയും നേതാവിന്റെ മകന്‍ ഇടംപിടിച്ചില്ല. 18.67 % മാര്‍ക്കു മാത്രമാണ് ഈ ഉദ്യോഗാര്‍ഥിക്ക് ലഭിച്ചത്. തുടര്‍ന്ന് ഒരു ഉദ്യോഗാര്‍ഥി കോടതിയെ സമീപിച്ചു. പട്ടിക റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ നിയമനം കോടതിയുടെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്ന ഉത്തരവോടെ ഹര്‍ജി കോടതി തീര്‍പ്പാക്കി.
കഴിഞ്ഞ മേയിലായിരുന്നു ഈ സംഭവങ്ങള്‍. തുടര്‍ന്ന് മാസങ്ങളായി ഈ ഒഴിവു നികത്താതെ താല്‍ക്കാലിക ചുമതലക്കാരനെ ഈ പണി ഏല്‍പ്പിച്ചിരിക്കുകയാണ്. കോടതി വിധി എതിരായതിനാല്‍ നിയമനം പറ്റില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്തിമ പട്ടികയില്‍ ഇടം പിടിച്ച ഒന്നാം റാങ്കുകാരനെ ഇതുവരെ നിയമിച്ചിട്ടില്ല. സപ്ലൈകോയിലെ സുപ്രധാന തസ്തികളില്‍ ഒന്നാണിത്. ഇ ടെന്‍ഡര്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതടക്കം ഈ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാണ് നടക്കേണ്ടത്.
Post Your Comments