കോട്ടയം: ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും കോപ്രായങ്ങള്‍ കണ്ട‌് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന മുന്നേറ്റങ്ങളോട‌് മുന്‍കാലങ്ങളിലുണ്ടായ എതിര്‍പ്പുകള്‍ കണ്ട‌് അന്നത്തെ നവോത്ഥാന നായകര്‍ പിന്നോട്ടുപോയിരുന്നെങ്കില്‍ ഇന്നത്തെ കേരളം ഉണ്ടാകുമായിരുന്നില്ല. വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനും വിധവാ വിവാഹത്തിനും നായര്‍ സ‌്ത്രീകളുമായി ബ്രാഹ്മണര്‍ നടത്തിയിരുന്ന സംബന്ധം അവസാനിപ്പിക്കാനും മാറുമറച്ചുള്ള വസ‌്ത്രധാരണത്തിനുമെല്ലാം സമരം നടന്നു. ഇതാണ‌് നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക‌് വഴികാട്ടിയായത‌്. അന്നും എതിർപ്പുകൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭ്രാന്താലയം എന്ന‌് വിശേഷിപ്പിക്കപ്പെട്ട നാടിനെ നവോത്ഥാന നായകര്‍ മുന്നോട്ടുകൊണ്ടുപോയി. അവര്‍ക്കൊപ്പം നാടുനിന്നു. എല്ലാ വിഭാഗത്തിലും മാറ്റം വന്നു. ഇക്കാര്യത്തിലും അതുതന്നെയാണ‌് സംഭവിക്കുന്നത‌്. ശബരിമല വിധിയില്‍ ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കുന്ന സര്‍ക്കാരിന‌് ഇതേ ചെയ്യാൻ കഴിയൂ. കേരളം വ്യത്യസ്തമായാണ‌് നടന്നത‌്. മതനിരപേക്ഷത പൂര്‍ണമായി സംരക്ഷിച്ചു മുന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments