എരുമേലി : മാൾട്ടിലെ ഇന്ത്യൻ എംബിസിയുടെ അനുമതിയെയും ഹൈക്കോടതി ഉത്തരവിനെയും തുടർന്ന് പഞ്ചായത്ത് ഓഫിസിൽ വിഡിയോ കോളിങ് വഴി വിവാഹ റജിസ്ട്രേഷൻ നടപ്പാക്കി. ദമ്പതികൾ ഒരുമിച്ച് എത്താത്തതിനാൽ വിവാഹ റജിസ്ട്രേഷൻ സാധ്യമല്ലെന്ന നിലപാട് പഞ്ചായത്ത് അധികൃതർ അറിയിച്ചതോടെ ഭർത്താവ് ഹൈക്കോടതിയെയും ഭാര്യ ഇന്ത്യൻ എംബസിയെയും സമീപിച്ചതിനെ തുടർന്നാണ് എരുമേലി പഞ്ചായത്ത് ഓഫിസിൽ റജിസ്ട്രേഷൻ നടത്തിയത്.
മുക്കൂട്ടുതറ സ്വദേശി ലിജിനും തിരുവനന്തപുരം സ്വദേശി ജ്യോത്സ്നയും തമ്മിലുള്ള വിവാഹമാണ് ഔദ്യോഗികമായി എരുമേലി പഞ്ചായത്ത് ഓഫിസിൽ വിഡിയോ കോൾ വഴി റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. പിന്നീട് ജ്യോത്സ്ന നഴ്സ് ജോലിക്കായി ഇറ്റലിക്കടുത്തുള്ള മാൾട്ട എന്ന രാജ്യത്തേക്കു പോയി.മാൾട്ടയിലേക്ക് പോകാൻ ലിജിന് വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതായി വന്നു.
ഭാര്യയും ഭർത്താവും എത്താതെ വിവാഹ റജിസ്ട്രേഷൻ സാധ്യമല്ലെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു. തുടർന്ന് ലിജിൻ സർക്കാരിനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ലിജിൻ കോടതിയെ സമീപിച്ചത്.
നിലവിൽ സാധ്യമായ സാഹചര്യം ഉപയോഗിച്ച് റജിസ്ട്രേഷൻ നടത്തിക്കൊടുക്കാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. പക്ഷേ അതും നടപ്പിലായില്ല.
ഇന്ത്യൻ എംബസി മുഖേന ജ്യോത്സ്ന പിതാവിന് പവർ ഓഫ് അറ്റോർണി നൽകിയതോടെ വിവാഹ റജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ മാൾട്ടയിലെ ജ്യോത്സ്നയുടെ പിതാവുമൊത്ത് ലിജിൻ എരുമേലി പഞ്ചായത്ത് ഓഫിസിലെത്തി. മാൾട്ടയിലുള്ള ജ്യോത്സ്നയുമായി വിഡിയോ കോൾ വഴി പഞ്ചായത്ത് സെക്രട്ടറി പി.എച്ച്.നൗഷാദ് ബന്ധപ്പെട്ടു. പഞ്ചായത്ത് ഓഫിസിൽ വന്നിട്ടുള്ളത് ഭർത്താവും പിതാവുമാണെന്നു ജ്യോത്സ്ന വിഡിയോ കോളിലൂടെ സ്ഥിരീകരിച്ചു. തുടർന്ന് വിവാഹ റജിസ്ട്രേഷൻ നടത്തുകയുമായിരുന്നു.
Post Your Comments