
തിരുവനന്തപുരം : ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് തയാറാക്കിയ ആന്റി മൈക്രോബിയല്‍ പ്രതിരോധ കര്‍മ പദ്ധതി (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോരുത്തരും സ്വയം ഡോക്ടര്‍മാരായി ആന്റി ബയോട്ടിക്കുകള്‍ വാങ്ങുന്ന അവസ്ഥയാണ്. ഇങ്ങനെ മരുന്ന് വാങ്ങി കഴിച്ച് പിന്നീട് ഒരു മരുന്നും ഫലിക്കാത്ത അവസ്ഥയാണ്. ഇതിനെതിരെ നല്ല ബോധവത്ക്കരണം ഉണ്ടാകണം. പൊതുജനങ്ങള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മരുന്ന് വില്‍പനശാലകള്‍ എന്നിവരെ പങ്കാളികളാക്കി വേണം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ മരുന്ന് നല്‍കൂ എന്ന നിലപാട് മരുന്നുശാലകളും ഏറ്റെടുക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മുന്‍കൈയെടുക്കണം. പ്രത്യേക ജാഗ്രതാ സംവിധാനവും ഉണ്ടാകണം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ആദ്യ കര്‍മ്മ പദ്ധതി കൂടിയാണിത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള കര്‍മപദ്ധതി രാജ്യത്തിനാകെ മാതൃകയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം മറ്റൊരു നാഴികക്കല്ലാണ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് വളരെ വലിയ തോതിലാണ് ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്. 20,000 കോടിയോളം മരുന്നുകളാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. അതില്‍ 20 ശതമാനവും ആന്റിബയോട്ടിക്കുകളാണെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ആന്റിബയോട്ടിക്കുകള്‍ നിയന്ത്രിക്കുന്നതിന് എല്ലാ വിഭാഗങ്ങളേയും യോജിപ്പിച്ച് വണ്‍ ഹെല്‍ത്ത് പ്രോഗ്രാമായാണ് കര്‍മപദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡബ്ലിയു.ആര്‍. ഇന്ത്യ പ്രതിനിധി ഡോ. ഹെങ്ക് ബേക്ഡം, ഡബ്ലിയു.എച്ച്.ഒ. പ്രതിനിധി ഡോ. അനൂജ് ശര്‍മ എന്നിവര്‍ പങ്കെടുത്തു.
Post Your Comments