Latest NewsKerala

ചിക്കന്‍റെ വില സംസ്ഥാനത്ത് കുതിച്ചുയരുന്നു

വരുംദിവസങ്ങളില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്

കൂത്താട്ടുകുളം :   കേരളത്തില്‍ കോഴിയിറച്ചി വില റെക്കോഡിലേക്ക്. കോഴിയിറച്ചിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിലോയ‌്ക്ക് 150 രൂപവരെ എത്തി. ഇതുവരെ ഈ രീതിയില്‍ വില ഉയര്‍ന്നിട്ടില്ല എന്ന് ഈ രംഗത്തുളളവര്‍ പറയുന്നു. വരുംദിവസങ്ങളില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

കേരളത്തില്‍ ആകസ്മികമായി ഉണ്ടായ പ്രളയക്കെടുതിയില്‍ ഫാമുകളില്‍ ഉണ്ടായിരുന്ന ലക്ഷക്കണക്കിനു കോഴികളാണ് ചത്തത്. കൂടുകള്‍ പലതും വെള്ളംകയറി തകര്‍ന്നടിഞ്ഞു. ഇതോടെ പല കൂടുകളിലും കോഴികളെ വളര്‍ത്താന്‍ കഴിയാത്ത അവസ്ഥയായി. പൊതുവെ വിവാഹങ്ങളും സദ്യകളും കുറഞ്ഞിരുന്ന കന്നിമാസത്തിലെ വിലക്കുറവ് കണക്കിലെടുത്ത് പലരും കോഴിക്കൃഷിയില്‍നിന്നു പിന്മാറുകയും ചെയ‌്തിരുന്നു. ഈ രണ്ടു കാരണങ്ങളുംകൊണ്ട് കോഴികളുടെ എണ്ണത്തില്‍ ഉണ്ടായ വന്‍കുറവ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമായി.

തമിഴ്നാടും കര്‍ണാടകയും ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തി. ഒരാഴ്ചയില്‍ 32 ലക്ഷം കോഴിക്കുഞ്ഞുങ്ങളാണ് കേരളത്തിലെ ഫാമുകളില്‍ എത്തുന്നത്. ഇതില്‍ 65 ശതമാനം തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും 35 ശതമാനം കേരളത്തിലും വിരിയിക്കുന്നതാണ്. ഒരു കോടി കിലോ ഇറച്ചിയാണ് നാം മലയാളികള്‍ ഒരാഴ്ച ഭക്ഷിക്കുന്നത്. കേരളത്തിലെ കോഴിഫാമുകളില്‍ വെങ്കിടേശ്വര, സുഗുണ, ശാന്തി, സെല്‍വ, ശരവണ തുടങ്ങിയ ഇതരസംസ്ഥാന വന്‍കിടവ്യവസായികളും തോംസണ്‍ ഗ്രൂപ്പ് പോലുള്ള കേരളത്തിലെ പ്രമുഖ വ്യവസായികളുമാണ് കരാറടിസ്ഥാനത്തില്‍ കോഴിക്കൃഷി നടത്തുന്നത്.

 

20 ശതമാനത്തില്‍ താഴെ മാത്രമാണ‌് കേരളത്തില്‍ കൃഷിക്കാര്‍ കോഴിക്കൃഷി ചെയ്യുന്നത്. ഇവര്‍ക്കാകട്ടെ ഈ രംഗത്തെ കുത്തകളോട് പിടിച്ചുനില്‍ക്കാനാകാതെ കൃഷി അവസാനിപ്പിക്കുന്നു. കോഴിക്കര്‍ഷകര്‍ക്കുവേണ്ടി രൂപംകൊണ്ട കെപ്കോ, മാംസവിപണനരംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ എംപിഐ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര രീതിയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ കഴിയാതാക്കി. പോത്ത്, പന്നി, താറാവ് എന്നിവയ‌്ക്ക് വിലസ്ഥിരത നില്‍ക്കുന്നതു പോലെ കോഴിക്കും നിശ്ചിതവില നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കൃഷിക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ദീപാവലി കഴിഞ്ഞ് വൃശ്ചികമാസത്തോടെ വിലനിലവാരം സാധാരണനിലയിലേക്ക് വരുമെന്നാണ് വിദഗ‌്ധരുടെ കണക്കുകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button