Latest NewsKeralaIndia

ശബരിമല സ്ത്രീപ്രവേശനം മുതലാക്കാന്‍ തമിഴ്‌നാട് നീക്കമെന്ന് സൂചന: ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്‌കരിക്കാനുള്ള പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന് ശതകോടികളുടെ നഷ്ടം

അയ്യപ്പ ചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാന്‍ താഴമണ്‍ തന്ത്രിമാരെ ക്ഷണിച്ചേക്കും

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലി കേരളത്തില്‍ നടക്കുന്ന വിവാദം മുതലാക്കാന്‍ തമിഴ്‌നാട് നീക്കം നടത്തുന്നുവെന്ന് സൂചന. ഓൺലൈൻ മാധ്യമമായ മറുനാടൻ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമലയ്ക്ക് ബദലായി മാറ്റിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. കാനനക്ഷേത്രത്തിന്റെ എല്ലാ വിധ പരിശുദ്ധിയും ആചാരങ്ങളും നിലനിര്‍ത്തി മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരെ മുന്നില്‍ കണ്ട്, അയ്യപ്പചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാനാണ് നീക്കം നടക്കുന്നത്.

ഇതിനായി ശബരിമല തന്ത്രിമാരുടെ സഹായവും തേടും.ശബരിമലയെന്ന സ്ഥലം ബാക്കിയാക്കി അയ്യപ്പനെന്ന സങ്കല്‍പ്പം മലയാള നാട് കടക്കാന്‍ ഒരു മലയുടെ ദൂരം മാത്രമേയുള്ളു. ശബരിമലയ്ക്ക് മേല്‍ അവകാശം വേണമെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത പറഞ്ഞിരുന്നു. അത് തീര്‍ത്തും ലളിതമായിരുന്നുവെങ്കില്‍ ഇപ്പോള്‍ പറയുന്നത് കഠിനമായ കാര്യങ്ങള്‍ തന്നെയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം താന്ത്രിക വിധി പ്രകാരമാണ് ഒരു പ്രതിഷ്ഠയുടെ ഭാവം നിശ്ചയിക്കുന്നത്.

അതു കൊണ്ടാണ് കുളത്തൂര്‍പ്പുഴയില്‍ കൗമാരക്കാരനായും അച്ചന്‍ കോവിലില്‍ ഗൃഹസ്ഥാശ്രമസ്ഥനായും ആര്യങ്കാവില്‍ യുവരാജാവായും പ്രതിഷ്ഠിക്കപ്പെട്ട ശാസ്താവിന്റെ വിഗ്രഹവും ശാസ്താവും അയ്യപ്പനും ഒന്നായിത്തീര്‍ന്ന ബ്രഹ്മചാരി ഭാവത്തില്‍ ശബരിമലയില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹവും യുക്തിയുടെ ദൃഷ്ടിയില്‍ വ്യത്യസ്ഥമാകുന്നത്.ഈ സങ്കല്‍പ്പങ്ങളെല്ലാം ആവാഹിച്ച്‌ ഉറപ്പിച്ചിരിക്കുന്നത് കല്ലിലോ ലോഹത്തിലോ ആണ്. രൂപത്തിലും ചില സമാനതകള്‍ കാണാം.

പക്ഷേ വ്യത്യസ്ഥമായ ഈ സങ്കല്‍പ്പങ്ങള്‍ ശിലയിലേക്ക് ആവാഹിച്ച്‌ ചൈതന്യം നല്‍കുന്നത് തന്ത്രിയാണ്. അത് ദേവസ്വംബോര്‍ഡിന്റെ ശമ്പളക്കാരനായി ഇരുന്ന് ഉണ്ടാക്കുന്നതല്ല. ഭക്തരുടെ വികാരത്തിനുസൃതമായി ചൈതന്യത്തെ സൃഷ്ടിക്കുകയെന്ന കര്‍മം ചെയ്യുന്നതിലൂടെ തന്ത്രി അദ്ദേഹത്തിന്റെ ധര്‍മമാണ് നടപ്പാക്കുന്നത്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ വലിയ ഒരു വിഭാഗം അയ്യപ്പ ഭക്തന്മാര്‍ ചിന്തിക്കുന്നതും അത്തരം ചൈതന്യത്തിന്റെ നാടു കടത്തലിനെക്കുറിച്ചാണ്. ഇതിന് കാരണമായത് കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയമാണ്.

പ്രളയകാലത്ത് നോമ്പ് നോറ്റ് ഓണക്കാലത്ത് ശബരിമലയിലെത്താന്‍ കഴിയാതെ പോയ ഭക്തര്‍ അവരുടെ ചടങ്ങ് പൂര്‍ത്തിയാക്കിയത് തമിഴ്‌നാട്ടിലെ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. ഈ സംഭവം കൂടി കണക്കിലെടുത്ത് പാരമ്പര്യത്തനിമയില്‍ തമിഴ്‌നാട്ടിലെ വനമേഖലയില്‍ ശബരിമലയ്ക്ക് സമാനമായ അയ്യപ്പ ക്ഷേത്രം നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനും അനുകൂല നിലപാടാണുള്ളത്. കാനന ക്ഷേത്രത്തിന്റെ വിശുദ്ധി സൂക്ഷിക്കുന്ന തരത്തില്‍ എല്ലാ ആചാര മര്യാദകളോടെയും ക്ഷേത്ര സങ്കേതമാക്കി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മികച്ച തീര്‍ത്ഥാടന അനുഭവം നല്‍കാന്‍ കഴിയുമെന്നാണ് ഭക്തര്‍ കരുതുന്നത്.

മലകള്‍ക്ക് മധ്യത്തിലുള്ള പീഠമാണ് അയ്യപ്പന്‍ തിരഞ്ഞെടുത്തത്.ലഭ്യമായ വനഭൂമി വിനിയോഗിക്കാന്‍ കഴിയാതെ പരാജയപ്പെട്ട കേരള സര്‍ക്കാരിന് പോലും മാതൃകയാക്കാന്‍ കഴിയുന്ന തരത്തില്‍ ക്ഷേത്ര സങ്കേതത്തെ പരിസ്ഥിതി സൗഹൃദമായി നില നിര്‍ത്താനുള്ള കരട് പദ്ധതിയാണ് ഭക്തര്‍ തയാറാക്കിയത്. ഇത്തരം നീക്കം വിജയിച്ചാല്‍ അയ്യപ്പ ചൈതന്യം ആവാഹിക്കാനുള്ള നിയോഗവും നിലവിലുള്ള തന്ത്രിമാര്‍ക്കായിരിക്കും. ആന്ധ്രാപ്രദേശത്ത് നിന്ന് കേരളത്തിലെത്തിയ താന്ത്രിക പാരമ്പര്യമുള്ള താഴമണ്‍മഠത്തിന് നിലവില്‍ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ അവകാശങ്ങളുള്ള ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്.

മാത്രമല്ല മാളികപ്പുറത്തമ്മയെ മധുരമീനാക്ഷിയായി സങ്കല്‍പ്പിച്ച്‌ ശബരിമലയില്‍ ആരാധന നടത്തുന്നവരുള്‍പ്പെടെ കൊച്ചുകടുത്തയുടെയും കറുപ്പായിയമ്മയുടെയും കറുപ്പസ്വാമിയുടെയും വാവരുടെയും പ്രതിനിധികള്‍ അവരുടെ അധികാരാവകാശങ്ങളോടെ തമിഴ് നാട് നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തില്‍ പുനരാവിഷ്‌കരിക്കപ്പെടാനുള്ള സാധ്യതയും ആരാഞ്ഞിട്ടുണ്ട്.ഇതിനായി തമിഴ് നാട്ടിലെ പ്രമുഖ അയ്യപ്പ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ സാറ്റലൈറ്റ് സര്‍വേ ഉള്‍പ്പെടെ നടത്തിക്കഴിഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ജല ധാര ഭക്തരുടെ സ്നാനത്തിനും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

ശബരിമല വിവാദ വിഷയങ്ങള്‍ ക്ഷേത്ര പരിശുദ്ധി കളങ്കപ്പെടുന്ന തരത്തിലായാല്‍ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തര്‍ പശ്ചിമഘട്ട മലനിരകളില്‍ത്തന്നെ തനത് ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്‌കരിച്ചാല്‍ കേരളത്തിന് റവന്യൂ വരുമാനത്തില്‍ കൂറഞ്ഞത് പതിനയ്യായിരം കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കാന്‍ പോകുന്നത്. അത് സംഭവിച്ചാല്‍ പിന്നെ ഞങ്ങളുടെ അയ്യനെയുമപഹരിച്ചു എന്ന് വിലപിക്കാന്‍ മാത്രമേ മലയാളിക്ക് കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button