അടിക്കടി ടോയ്‌ലറ്റില്‍ പോകാനുള്ള തോന്നലായിരുന്നു നാല്‍പത്താറുകാരനായ അയാളുടെ പ്രശ്‌നം. പലതവണ പോയി വന്നാലും അല്‍പം കഴിഞ്ഞ് പിന്നെയും പോകാന്‍ തോന്നും. അങ്ങനെയിരിക്കേയാണ് മലത്തില്‍ രക്തം കണ്ടത്. അതോടെ പ്രശ്‌നം പൈല്‍സ് എന്നുറപ്പിച്ചു. നാട്ടുചികിത്സയും തുടങ്ങി. പക്ഷേ, ഒരുവര്‍ഷം കഴിഞ്ഞിട്ടും അസുഖം ഭേദമായില്ല. മാത്രമല്ല, ബുദ്ധിമുട്ടുകള്‍ കൂടാനും തുടങ്ങി. അങ്ങനെയാണ് അയാള്‍ ഉദരരോഗ വിദഗ്ധനെ തേടിയത്തെിയത്. പരിശോധനയില്‍ വന്‍കുടലില്‍ കാന്‍സറാണെന്ന് കണ്ടത്തെി. പക്ഷേ, അപ്പോഴേക്ക് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത വിധം കാന്‍സര്‍ വ്യാപിച്ചിരുന്നു. തുടക്കത്തിലേ ചികിത്സ തേടിയിരുന്നെങ്കില്‍ ഭേദമാക്കാമായിരുന്ന രോഗം വഷളാക്കിയത് സ്വയം ചികിത്സയും തെറ്റിദ്ധാരണയുമാണ്.
‘ഉദരനിമിത്തം ബഹുകൃതവേഷം’ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധം ഉദരനിമിത്തം പലവിധ രോഗം എന്ന നിലയില്‍ ഉദരരോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പരമ്പരാഗത ജീവിതരീതിയും ഭക്ഷണവുമൊക്കെ ഒട്ടേറെ മാറി. അതിന് നമ്മള്‍ കൊടുക്കേണ്ടി വരുന്ന വിലയാണ് ഇത്തരം രോഗങ്ങള്‍.
ആധുനിക വൈദ്യഭാഷയില്‍ ഉദരമെന്ന് വിളിക്കുന്നത് പ്രധാനമായി വായമുതല്‍ മലദ്വാരം വരെ ഭക്ഷണം സഞ്ചരിക്കുന്ന പചനവ്യൂഹത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ചേര്‍ന്നതിനെയാണ്. അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, കരള്‍, പാന്‍ക്രിയാസ്, പിത്താശയം തുടങ്ങിയ അവയവങ്ങളൊക്കെ വിശാലമായ ഈ വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇവയെയൊക്കെ ബാധിക്കുന്ന രോഗങ്ങളെല്ലാം ഉദരരോഗങ്ങളെന്ന വലിയ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
കൂടുതല്‍ കരള്‍ രോഗങ്ങള്‍
ഓരോ വര്‍ഷവും ഉദരരോഗികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കേരളത്തില്‍ ഇന്ന് കൂടുതലായി കാണപ്പെടുന്ന ഉദരപ്രശ്‌നങ്ങളില്‍ വലിയൊരു പങ്കും കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്. മദ്യത്തിന്റെ അമിതമായ ഉപഭോഗം തന്നെയാണ് ഇതിന് കാരണം. മദ്യപാനം മൂലമുണ്ടാകുന്ന ലിവര്‍ സീറോസിസാണ് അതില്‍ പ്രധാനം. കരളില്‍ കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറും വ്യാപകമാണ്. ഹെപ്പറ്റൈറ്റിസ് വൈറസ് ബാധമൂലമുണ്ടാകുന്ന കരള്‍ പ്രശ്‌നങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവയാണ് മറ്റൊരു വലിയ വിഭാഗം. കരള്‍ കാന്‍സറും കൂടിവരുകയാണ്. എന്നാല്‍, ഉദരരോഗങ്ങളില്‍ മുമ്പ് കൂടുതലായി കണ്ടിരുന്ന അള്‍സര്‍ രോഗങ്ങള്‍ കുറഞ്ഞുവരുകയാണ്. അതേസമയം, ഉദരസംബന്ധമായ എല്ലാതരം കാന്‍സറുകളും കൂടിവരുകയാണ്. ഉദരസംബന്ധമായ രോഗങ്ങളില്‍ വലിയൊരു പങ്കും ഇന്ന് കാന്‍സറുകളാണ്.
അടുത്ത കാലത്ത് വര്‍ധിച്ച, ഉദരസംബന്ധമായ മറ്റുരണ്ട് അസുഖങ്ങള്‍ കുടലിനെ ബാധിക്കുന്ന ക്രോണിക് ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസും (ക്രോണ്‍സ് രോഗം) അള്‍സറേറ്റിവ് കോളൈറ്റിസുമാണ്. കേരളത്തില്‍ മുമ്പ് കേട്ടുകേള്‍വിയില്ലാത്തതായിരുന്നു ഈ രണ്ട് ഉദരരോഗങ്ങളും. കഴിഞ്ഞ 10-15 കൊല്ലത്തിനുള്ളിലാണ് ഈ രോഗം മലയാളികള്‍ക്കിടയില്‍ വ്യാപകമായത്. ജീവിതശൈലി, ഭക്ഷണം, പരിസ്ഥിതി എന്നിവയിലുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണം.
ഉദരപ്രശ്‌നങ്ങള്‍ രണ്ടുവിധം
ആമാശയ, കുടല്‍ വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ രണ്ടുവിധമുണ്ട്. ഉദര, കുടല്‍ രോഗങ്ങളും ഉദര കുടല്‍ പ്രവര്‍ത്തന തകരാറുകളുമാണ്(ഫങ്ഷനല്‍ ഡിസോഡര്‍) അവ. മിക്കവാറും ആശുപത്രികളിലത്തെുന്ന അധിക ഉദരപ്രശ്‌നങ്ങളും ഫങ്ഷനല്‍ ഡിസോഡറുകളാണ്. പൊതുവെ ആളുകള്‍ ഉപയോഗിക്കുന്ന വായ്‌മൊഴിയിലുള്‍പ്പെടുന്ന ‘അസിഡിറ്റി’, ‘ഗ്യാസ്’, മലബന്ധം, ഐ.ബി. എസ്., ജി. ഇ. ആര്‍. ഡി എന്നിവയൊക്കെ ഉദര, കുടല്‍ വ്യവസ്ഥയുടെ പ്രവര്‍ത്തന തകരാറുകളാണ്. ഫങ്ഷനല്‍ ഡിസോഡറുകളും ഉദരരോഗങ്ങളും തമ്മിലുള്ള വ്യത്യാസം ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. വെയിലുകൊള്ളുമ്പോഴും ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും തലവേദന ഉണ്ടാകാം. അതുപോലെ മസ്തിഷ്‌കത്തിലെ ട്യൂമറിന്റെ ലക്ഷണമായും തലവേദന അനുഭവപ്പെടാം. വെയിലുകൊള്ളുമ്പോള്‍ തലവേദനയുണ്ടാകുന്നത് പോലെയുള്ള പ്രശ്‌നങ്ങളാണ് ഫങ്ഷനല്‍ ഡിസോഡറുകള്‍. അവ രോഗമല്ല. സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന പ്രവര്‍ത്തന തകരാറുകളാണ്. എന്നാല്‍, ബ്രെയിന്‍ ട്യൂമര്‍ മൂലമുണ്ടാകുന്ന തലവേദന രോഗ ലക്ഷണമാണ്. ഘടനാപരമായ പ്രശ്‌നങ്ങളോ രോഗങ്ങളോ ഇല്ലാതെയുണ്ടാകുന്ന ലക്ഷണങ്ങളാണ് ഫങ്ഷനല്‍ ഡിസോഡറുകള്‍.
ഫങ്ഷണല്‍ ഡിസോഡറുകള്‍ പലവിധം
ഡോക്ടറുടെയടുത്തത്തെുന്ന ഉദരപ്രശ്‌നങ്ങളില്‍ കുറഞ്ഞത് 60 ശതമാനവും ഇത്തരം പ്രവര്‍ത്തന തകരാറുകളാണ്.’അസിഡിറ്റി’, മലബന്ധം, ഐ.ബി. എസ്., ജി. ഇ. ആര്‍. ഡി. എന്നിവയെല്ലാം വ്യാപകമായി കാണപ്പെടുന്ന പ്രവര്‍ത്തന തകരാറുകളാണ്. എന്‍ഡോസ്‌കോപ്പി, എക്‌സ് റേ, രക്തപരിശോധന എന്നിവയിലൊന്നിലും ഇത്തരം പ്രശ്‌നങ്ങളില്‍ അസ്വാഭാവികത കാണാനാവില്ല. ലക്ഷണങ്ങള്‍ വഴിയാണ് രോഗനിര്‍ണയം.
Post Your Comments