KeralaLatest News

ആന്റി മൈക്രോബിയല്‍ പ്രതിരോധത്തിന് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍

ഡബ്ലിയു.എച്ച്.ഒ. സഹകരണത്തോടെ ആരോഗ്യം മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഈ കര്‍മ്മ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് (Kerala Antimicrobial Resistance Strategic Action Plan – KARSAP) രൂപം നല്‍കിയിരിക്കുകയാണ്. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു കര്‍മ്മ പദ്ധതി ഇന്ത്യയ്ക്കഭിമാനമായി കേരളം തയ്യാറാക്കിയത്. കേരളം നാളിതുവരെ ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ ആക്ഷന്‍ പ്ലാന്‍. ഡബ്ലിയു.എച്ച്.ഒ. സഹകരണത്തോടെ ആരോഗ്യം മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഈ കര്‍മ്മ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു പ്രചോദനവും മാര്‍ഗദര്‍ശിയുമായി ഇത് മാറുമെന്നാണ് വിലയിരുത്തുന്നത്.

ഒക്‌ടോബര്‍ 25-ാം തീയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ പ്രകാശനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇത് പ്രകാശനം ചെയ്യുന്നതോടെ കേരളം ഇന്ത്യയിലെ എ.എം.ആര്‍. കര്‍മ്മ പദ്ധതിയുള്ള ആദ്യ സംസ്ഥാനമായി മാറും.

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും മറ്റാരോഗ്യ പ്രവര്‍ത്തകരും മരുന്നു വില്‍പന ശാലകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഡോക്ടറുടെ പരിശോധനയില്ലാതെ മുമ്പ് കഴിച്ച ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണ്. വിവിധ ആന്റിബയോട്ടിക്കുകള്‍ ഒരേസമയം ഉപയോഗിക്കുന്നതിലൂടെ ഭാവിയില്‍ ഈ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും രോഗം ഭേദമാകാത്ത അവസ്ഥ വരും. ഇത് വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുകയും ചികിത്സാ ചെലവ് വളരെയധികം വര്‍ധിപ്പിക്കുകയും ചെയ്യും. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം യാതൊരു മരുന്നും ഫലിക്കാതെ വരുന്നവരിലെ മരണനിരക്ക് 60 ശതമാനത്തോളമാണ്.

മത്സ്യം, കോഴി, മൃഗങ്ങള്‍ എന്നിവയുടെ ഭാരം വര്‍ധിപ്പിക്കുന്നതിന് കുത്തിവയ്ക്കുന്ന ആന്റി ബയോട്ടിക്കുകളും പല വിധേന മനുഷ്യ ശരീരത്തിലെത്തി ദോഷം ചെയ്യുന്നു. ഇതുകൂടാതെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ബാക്കിവരുന്ന ആന്റിബയോട്ടിക്കുകള്‍ ഒഴുക്കി വിടുന്നതിലൂടെ പരിസ്ഥിതി മുഖേനയും ദോഷമുണ്ടാക്കുന്നു. അതിനാലാണ് വിവിധ വകുപ്പുകളെക്കൂടി ഏകോപിപ്പിച്ചു കൊണ്ടുള്ള കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കുന്നത്.

ആന്റി ബയോട്ടിക്കുകള്‍ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ (Anti Microbial Resistance – AMR) മാനവരാശി ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തായിട്ടാണ് ലോകാരോഗ്യസംഘടന വിലയിരുത്തിയിട്ടുള്ളത്. ആന്റി ബയോട്ടിക്കുകള്‍ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഈ തോതില്‍ തുടര്‍ന്നാല്‍ 2050 ഓടെ ഓരോവര്‍ഷവും ഒരു കോടി ആള്‍ക്കാര്‍ എ.എം.ആര്‍. കാരണം ലോകത്ത് മരണമടയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്യാന്‍സറും റോഡപകടങ്ങളും കാരണമായുള്ള മരണ സംഖ്യയേക്കാള്‍ അധികമായിരിക്കും എ.എം.ആര്‍. കൊണ്ടുള്ള മരണസംഖ്യ.

സങ്കീര്‍ണ്ണമായ ഈ പ്രശ്‌നം നേരിടുന്നതിനായി ലോകാരോഗ്യ സംഘടന ഇന്ത്യയുള്‍പ്പെടെ 194 രാജ്യങ്ങള്‍ ഒപ്പുവച്ച എ.എം.ആ.ര്‍ ഗ്ലോബല്‍ ആക്ഷന്‍ പ്ലാനിന് തുടക്കം കുറിച്ചിട്ടുണ്ട്. ഗ്ലോബല്‍ ആക്ഷന്‍ പ്ലാന്‍ 2015ന്റെ ചുവടുപറ്റി ഇന്ത്യ 2017ല്‍ നാഷണല്‍ ആക്ഷന്‍ പ്ലാനിന്റെ (എന്‍.എ.പി.-എ.എം.ആര്‍) രൂപരേഖ തയ്യാറാക്കി.

കേരളത്തിലും എ.എം.ആര്‍. ഒരു യാഥാര്‍ത്ഥ്യമാണ്. എ.എം.ആര്‍. കൊണ്ടുള്ള പ്രശ്‌നങ്ങളെ തിരിച്ചറിയാനും അവ പ്രതിരോധിക്കാനുമുള്ള കര്‍മ്മ പദ്ധതിയുടെ രൂപരേഖ കേരള സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തയ്യാറാക്കി വരികയായിരുന്നു. മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിടങ്ങളിലുമുള്ള അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാണ് എ.എം.ആര്‍.ന്റെ മുഖ്യ കാരണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എ.എം.ആര്‍. പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. ആ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan – KARSAP). എ.എം.ആര്‍. പ്രതിരോധിക്കാന്‍ ഏകാരോഗ്യ സമീപനം (വണ്‍ ഹെല്‍ത്ത് അപ്രോച്ച്) ആണ് കേരള സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്.

ഈ ആക്ഷന്‍ പ്ലാനിന് പ്രധാനമായും 6 ഘടകങ്ങളാണുള്ളത്

1. ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗത്തെപ്പറ്റിയും പൊതുവായ ശുചിത്വത്തെ പറ്റിയും പൊതുജനങ്ങള്‍ക്കിടയിലെ അവബോധ പ്രവര്‍ത്തനങ്ങള്‍
2. എ.എം.ആര്‍.ന്റെ തോത് കണക്കാക്കാനുള്ള നിരീക്ഷണസംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗമാണ്. സ്വകാര്യമേഖലയിലെ മേല്‍നോട്ടം വഹിക്കുന്നത് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിയുടെ നേതൃത്വത്തിലാണ്.
3. ആശുപത്രികളിലെ അണുബാധ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. അണുബാധ നിയന്ത്രണത്തിനായി സ്വീകരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ ആയ കൈകളുടെ ശുചിത്വം, ആശുപത്രികളുടെ ശുചിത്വം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ ഉറപ്പുവരുത്താനായി എല്ലാ ആശുപത്രികളിലും അണുബാധ നിയന്ത്രണ കമ്മിറ്റികള്‍ (ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി) പ്രവര്‍ത്തനസജ്ജമാണ്.
4. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വിവിധ പരിപാടികള്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ സഹായത്തോടുകൂടി നടത്തിവരുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടി കൂടാതെയുള്ള മരുന്നുകളുടെ വില്‍പ്പന കുറയ്ക്കുവാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
5. ആന്‍ിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, അണുബാധ നിയന്ത്രണം, രോഗ നിര്‍ണയം തുടങ്ങിയ മേഖലകളിലെ ഗവേഷണം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി മേല്‍നോട്ടത്തില്‍ തുടങ്ങിക്കഴിഞ്ഞു.
6. എ.എം.ആര്‍. മേഖലയില്‍ വൈദഗ്ധ്യമുള്ള എന്‍.ജി.ഒ.കളുമായുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം.

മനുഷ്യരാശിയുടെ നിലനില്‍പ്പിനും ലോക സമ്പദ് ഘടനയ്ക്കും ഒരു വലിയ ഭീഷണിയായി എ.എം.ആര്‍. മാറിക്കഴിഞ്ഞു. ആ ഭീഷണി മനസിലാക്കി എ.എം.ആര്‍. നിരക്ക് കുറച്ച് ഭാവി സുരക്ഷിതമാക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിച്ച സത്വര നടപടികളുടെ ആവിഷ്‌ക്കാരമാണിത്. ബൃഹത്തായ ജനകീയ കൂട്ടായ്മയിലൂടെ ഈ ആക്ഷന്‍ പ്ലാന്‍ ഒരു വിജയമാക്കാം. അത് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കേരളം കൈവരിച്ച ഏറ്റവും മികച്ച നേട്ടങ്ങളില്‍ ഒന്നായി മാറും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. ശാരദാദേവി കെ.എല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button