കൊല്ലം ∙ ശബരിമല വിഷയത്തിൽ കൈ പൊള്ളിയ സിപിഎം, വിശ്വാസികളെ അനുനയിപ്പിക്കാൻ സത്യവാങ്മൂലവുമായി വീടുകൾ തോറും കയറാൻ സിപിഎം. യുവതീപ്രവേശ വിഷയത്തിൽ പാർട്ടിയും സർക്കാരും കടുംപിടിത്തം കാട്ടിയിട്ടില്ലെന്നു സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം ‘സാക്ഷിയാക്കി’ വിശദീകരിക്കാനാണു തീരുമാനം. സർക്കാർ എടുത്തുചാട്ടം കാണിച്ചെന്നു പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ശക്തമായ സാഹചര്യത്തിൽ അനുനയത്തിന്റെ ഭാഷയിലേക്കു പാർട്ടിയും സർക്കാരും മാറിയിട്ടുണ്ട്.
സത്യവാങ്മൂലത്തിന്റെ പൂർണരൂപം പരിഭാഷപ്പെടുത്തി വിതരണം ചെയ്യും. ശബരിമലയിൽ സ്ത്രീകളടക്കം എല്ലാ തീർഥാടകർക്കും സുരക്ഷയൊരുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ പകർപ്പും വിതരണം ചെയ്യാൻ ആലോചനയുണ്ട്. അടുത്തമാസം ആദ്യമാണു സംസ്ഥാന വ്യാപകമായി ഗൃഹസമ്പർക്ക പരിപാടി. സ്ത്രീകൾക്കു തുല്യാവകാശം ലഭിക്കണമെന്ന വാദത്തോടു സർക്കാരിനു യോജിപ്പാണ്. എന്നാൽ, ശബരിമല വിഷയത്തിൽ നിലവിൽ പ്രത്യേക സംവിധാനമുണ്ട്.
അതിൽ മാറ്റം വരുത്തണമെങ്കിൽ വിദഗ്ധരടങ്ങിയ കമ്മിഷൻ വേണമെന്നും സർക്കാർ വാദിക്കും.ശബരിമലയിൽ യുവതീപ്രവേശം പാടില്ലെന്ന് ഇ.കെ.നായനാർ സർക്കാരിന്റെ കാലത്തു ഹൈക്കോടതി വിധിച്ചപ്പോൾ അതിനെതിരെ സർക്കാർ അപ്പീൽ പോകാതെ ആ വിധി നടപ്പാക്കുകയാണു ചെയ്തതെന്നും ഗൃഹസമ്പർക്ക പരിപാടിയിൽ വിശദീകരിക്കും.
Post Your Comments