പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികള്‍ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആരോ തെരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് ഇവരെത്തിയത്- കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് തെറ്റാണ്. സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് സംസാരിച്ചിട്ട് കാര്യമില്ല. എന്നാല്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുത്.
1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകും. അത്തരത്തിലുള്ള ഘട്ടങ്ങളിലേക്ക് കടക്കാന്‍ കൊട്ടാരത്തിന് മടിയില്ല. നാളെ നട അടച്ച ശേഷം ക്ഷേത്രത്തില്‍ വേണ്ട പരിഹാരക്രിയകളെ കുറിച്ച് പറയാമെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി.
Post Your Comments