ബെംഗളൂരു: തങ്ങള്‍ക്കു നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്ന ക്യാമ്പയിനായി മീ ടു വില്‍ പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ ഇതിനെതിരെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് പുരുഷന്മാരും. അതിനായി ‘മെന്‍ ടൂ’ എന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരുവില്‍ നിന്ന് ഒരു സംഘം. സന്നദ്ധസംഘടനയായ ‘ക്രിസ്പ്’ ആണ് ഇത് സംഘടിപ്പിച്ചത്. ലൈംഗിക പീഡനക്കേസില്‍ കുറ്റവിമുക്തനായ മുന്‍ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്ക്കല്‍ മസൂരിയടക്കം പതിനഞ്ചോളം പുരുഷന്മാര് പരിപാടിയില്‍ പങ്കെടുത്തു.
സ്ത്രീകള്‍ ഉന്നയിക്കുന്ന വ്യാജപരാതികളിലൂടെ ജീവിതം നഷ്ടമാകുന്ന പുരുഷന്മാരുടെ കാര്യത്തില്‍ നിയമസഹായം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ‘മീ ടൂ’ വെളിപ്പെടുത്തലിന് ലഭിച്ച ജനപിന്തുണയെ തുടര്‍ന്നാണ് ‘മെന്‍ ടൂ’ പ്രചാരണവുമായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്രിസ്പ് രംഗത്തെത്തിയത്.
പരിപാടിയില്‍ പങ്കെടുത്ത മുന്‍ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്ക്കല്‍ മസൂരിയര്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റിലാകുന്നത്. പിന്നീട് 2017-ല്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതി കുറ്റവിമുക്തനാക്കി. മലയാളിയായ ഭാര്യയാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ജോലിയും നഷ്ടമായി. ഇപ്പോള്‍ മൂന്ന് കുട്ടികള്‍ ഭാര്യയോടൊപ്പമാണ് താമസിക്കുന്നത്.
മീ ടൂവിനെ എതിര്‍ക്കുന്നതിനല്ല മെന്‍ ടൂ പ്രചാരണമെന്നും സ്ത്രീകളുടെ അതിക്രമത്തിനിടെ ശബ്ദം നഷ്ടമാകുന്ന പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണിതെന്നും മസൂരിയര്‍ പറഞ്ഞു.
Post Your Comments