KeralaLatest News

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസിനെ കൊന്നതാണെന്ന് സഹോദരന്‍

 മരണത്തിനു പിന്നില്‍ ദുരൂഹമായ ആ കൈകള്‍

ആലപ്പുഴ : ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി കൊടുത്ത ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്നു 100% ഉറപ്പുണ്ടെന്ന് അനുജന്‍ ജോസ് കാട്ടുതറ. മൃതദേഹം നാട്ടിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തണം. ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. സംഭവവും കേസും ജലന്തറിലായതിനാല്‍ പരാതി അവിടേക്ക് അയയ്ക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചെന്നും ജോസ് പറഞ്ഞു.

ഇക്കാര്യത്തില്‍ ഇടപെടണമെന്നു മുഖ്യമന്ത്രിക്കു നിവേദനം നല്‍കും. ജലന്തര്‍ പൊലീസിനെ വിശ്വാസമില്ല. അവിടത്തെ കമ്മിഷണര്‍ ബിഷപ്പിന്റെ വലംകയ്യാണെന്നും ജോസ് വ്യക്തമാക്കി. രാവിലെ പത്തരയോടെ ജലന്തറിലുള്ള ഒരു വൈദികനാണു മരണം അറിയിച്ചത്. ‘കുര്യാക്കോസ് അച്ചന്‍ മരിച്ചു, കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം’ എന്നു മാത്രമാണു പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പു പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇതില്‍ വലിയ ചതിയുണ്ട്. മാരകമായ എന്തോ ചെയ്തിട്ടുണ്ട്.

ബിഷപ്പിനെതിരേ മൊഴി കൊടുത്തതു മുതല്‍ ഫാ. കുര്യാക്കോസിനു പല പ്രശ്‌നങ്ങളുമുണ്ടായി. താന്‍ ജീവിച്ചിരിക്കില്ലെന്നു ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. സഭയിലെ സീനിയര്‍ വൈദികനാണ് ഫാ. കുര്യാക്കോസ്. ജലന്തറിലെ മുന്‍ ബിഷപ്പിനൊപ്പവും ഉണ്ടായിരുന്നു. ആദ്യകാലത്തു കന്യാസ്ത്രീകളെ ജലന്തറില്‍ കൊണ്ടുപോയത് അദ്ദേഹമാണ്. അതിനാല്‍ കന്യാസ്ത്രീകള്‍ പരാതികള്‍ പറഞ്ഞിരുന്നത് അദ്ദേഹത്തോടാണ്. ഇതിന്റെയെല്ലാം പക ചിലര്‍ക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നു.

രണ്ടു മൂന്നു വര്‍ഷമായി അദ്ദേഹം ഭീഷണി നേരിടുന്നു. വീടിനു നേരേ ആക്രമണമുണ്ടായി. മറ്റൊരാളുടെ കാര്‍ അച്ചന്റേതെന്നു കരുതി തകര്‍ത്തു. ബിഷപ്പ് തന്നെ ആളുകളെ ഇളക്കി വിട്ടിട്ടുണ്ട്. ഭീഷണി കാരണം അച്ചന്‍ പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയായിരുന്നു. മരണവിവരം അറിയിച്ച ശൈലി ശരിയായിരുന്നില്ല. സഹോദരനോടു പറയേണ്ട രീതിയായിരുന്നില്ല. സഭ ഒന്നടങ്കം ബിഷപ്പിനൊപ്പമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നതല്ലാതെ വിശ്വാസികള്‍ക്ക് അനുകൂലമല്ലെന്നും ജോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button