ചാലക്കുടി: ബാങ്കുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍. കൊരട്ടി എടിഎം കവര്‍ച്ച അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിന്റെ തലവന്‍ ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായിരിക്കുന്നത്. ഗുജറാത്ത് വല്‍സാഡ് സീട്ടിയനഗര്‍ സ്വദേശിയും മോത്തിഹാരി ഡഗ് എന്നറിയപ്പെടുന്ന ഉപേന്ദ്രനാഥ് ലല്ലു സിങ് (40), ബിഹാര്‍ പൂര്‍വ ചമ്പാരന്‍ ചോട്ടാ ബാരിയപൂര്‍ അങ്കുര്‍കുമാര്‍ (28) എന്നിവരെയാണു ഡിവൈഎസ്പി സി.ആര്‍.സന്തോഷ് അറസ്റ്റ് ചെയ്തത്. ഉപേന്ദ്രനാഥാണ് തട്ടിപ്പ് സംഘത്തിലെ തലവന്‍.
ഗുജറാത്തിലെ വല്‍സാദില്‍ ബ്രോക്കറായിരുന്നു ഉപേന്ദ്ര നാഥ് ലല്ലു സിങ്. ഇയാള്‍ സംഘാംഗങ്ങളുമൊത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചു ബാങ്കുകളിലും മറ്റും ഇടപാടുകള്‍ക്കായി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. അവര്‍ അടയ്ക്കുവാനായി കൊണ്ടുവരുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് . പിന്നീട് ഈ തുക കള്ളപ്പണമായതിനാലാണു കൂടുതല്‍ തുക നല്‍കുന്നതെന്നും ഇവര്‍ വിശ്വസിപ്പിക്കും. തുടര്‍ന്ന് ഇവര്‍ നല്‍കുന്ന നോട്ടു കെട്ടിന്റെ മുകളിലും താഴെയും ഒറിജിനല്‍ നോട്ടുകള്‍ വച്ച ശേഷം ഇതേ അളവിലുള്ള കടലാസുകള്‍ നടുവില്‍ വച്ചു റബര്‍ ബാന്‍ഡ് ഇട്ടു കൊടുത്ത് നിമിഷങ്ങള്‍ക്കകം സ്ഥലം വിടുകയാണു പതിവ്.
പുണെയില്‍ നിന്നു ഗോവയിലേക്കു വന്ന സംഘം അവിടെ തട്ടിപ്പു നടത്തുവാന്‍ ഒരുങ്ങി മൂന്നു ദിവസം താമസിച്ചെങ്കിലും നടന്നില്ല. പിന്നീടു മംഗലാപുരം വഴി കേരളത്തിലെത്തില്‍ എത്തുകയായിരുന്നു. അടുത്തയിടെ തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലായി നടന്ന എടിഎം കവര്‍ച്ചകളോടനുബന്ധിച്ചു പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനിടെയാണു മോത്തിഹാരി ഡഗ് എന്നറിയപ്പെടുന്ന സംഘങ്ങള്‍ ദക്ഷിണേന്ത്യയിലേക്കു വന്നതായി വിവരം ലഭിച്ചത്.
പ്രത്യേക അന്വേഷണസംഘം നടത്തിയ ആസൂത്രിതമായ നീക്കത്തിനൊടുവിലാണു വടകര പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണസംഘം ഇവരെ ചോമ്പാലയില്‍ നിന്ന് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരെ അങ്കമാലി പൊലീസിനു കൈമാറി. 2017ല്‍ അന്യ സംസ്ഥാന തൊഴിലാളികളെ സമാന രീതിയില്‍ കബളിപ്പിച്ച് അര ലക്ഷം രൂപ കവര്‍ന്നതിന് ഇവര്‍ക്കെതിരെ അങ്കമാലിയില്‍ സ്‌റ്റേഷനില്‍ കേസുണ്ട്.
Post Your Comments