Latest NewsIndia

60 പേരുടെ ജീവന്‍ കവര്‍ന്നത് ക്ഷണനേരത്തില്‍; രാവണനെ കത്തിച്ചു കൊല്ലാന്‍ എത്തിയത് 700ലധികം പേര്‍- രാജ്യം നടുക്കിയ അപകടത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ

മൊബൈലുമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിങ്ങിനിറഞ്ഞു നിന്ന കാണികള്‍ക്കിടയിലേക്ക് കാതടപ്പിക്കുന്ന പടക്കങ്ങളുടെ ശബ്ദത്തിനിടയിലൂടെ ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ അധികൃതരുടെ അനാസ്ഥ മൂലം വെള്ളിയാഴ്ച്ച പൊലിഞ്ഞത് നിരവധി ജീവനുകള്‍. ഇതുവരെ ഉള്ള പ്രാഥമിക കണക്കുകള്‍ പ്രകാരം മരണ നിരക്ക് 61 ആണ്. എന്നാല്‍ ഇനിയും മരണനിരക്ക് കൂടാന്‍ സാധ്യത ഉണ്ട് എന്നും റിപ്പോര്‍ട്ടുകള്‍. വൈകുന്നേരം 6.45 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തം. 700 ഓളം ആളുകള്‍ പങ്കെടുത്ത ദസറ ആഘോഷത്തില്‍ ‘രാവണ്‍ ദഹന്‍’ നടന്ന വേദി ഒരുക്കിയിരുന്നത് റെയില്‍വേ ട്രാക്കിന് 200 അടി മാത്രം മാറിയായിരുന്നു. തുടര്‍ന്ന് മൊബൈലുമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിങ്ങിനിറഞ്ഞു നിന്ന കാണികള്‍ക്കിടയിലേക്ക് കാതടപ്പിക്കുന്ന പടക്കങ്ങളുടെ ശബ്ദത്തിനിടയിലൂടെ ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു. പടക്കം പൊട്ടുന്ന ശബ്ദത്തിനിടയില്‍ ട്രെയിന്‍ വരുന്നത് ആരും ശ്രദ്ധിക്കുകയോ അറിയുകയോ ചെയ്യാത്തത് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ സിദ്ദു മുഖ്യാതിഥിയായിരുന്ന ആഘോഷത്തിലാണ് ഇത്തരം ഒരു അപകടം നടന്നത്.

train

ചടങ്ങിനായി എത്തിയത് വന്‍ ജനാവലിയാണ്. അതുകൊണ്ടു തന്നെ വേദി ഇടുങ്ങിയതായതോടെ പലരും രാവണനെ കത്തിക്കുന്ന ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിനായി പാളത്തില്‍ കയറിനിന്നു. രാവണന്റെ രൂപത്തില്‍ തീ പടര്‍ന്നപ്പോള്‍ ഉള്ളിലുണ്ടായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തുടങ്ങി. വെടിമരുന്ന് നിറച്ച രാവണന്റെ കോലം കത്താന്‍ തുടങ്ങിയതോടെ കോലം മറിഞ്ഞു വീഴാതെ സുരക്ഷിതമായി നില്‍ക്കുവാനും കുറേ പേര്‍ പാളത്തിലേക്ക് ഓടുകയും ചെയ്തു. ചിലര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലുമായിരുന്നു. ഇതിനിടയിലാണ് അതിവേഗത്തില്‍ എത്തിയ ട്രെയിന്‍ ഓടിക്കയറിയത്. പടക്കത്തിന്റെ ശബ്ദത്തിനിടയില്‍ ട്രെയിന്‍ വരുന്ന ശബ്ദം ആരും ശ്രദ്ധിച്ചില്ല. ഓടിമാറാന്‍ പോലും സമയം കിട്ടും മുമ്പ് മരണം ആള്‍ക്കാരെ കടന്നുപോയിരുന്നു.

ജലന്തറില്‍ നിന്ന് അമൃത്സറിലേക്കു വന്ന ജലന്തര്‍ എക്‌സ്പ്രസാണ് (നമ്പര്‍ 74943) അപകടമുണ്ടാക്കിയത് എന്നും അതല്ല ഒരേസമയം രണ്ടു ട്രെയിനുകള്‍ പാലങ്ങളിലൂടെ കടന്നു പോയിരുന്നു എന്നും അതിനാലാണ് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിച്ചത് എന്നും പറയപ്പെടുന്നു. ഈ വിഷയത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിശദകരണവുമായി ലോക്കോ പൈലറ്റും രംഗത്തെത്തി. അപകടം ഉണ്ടായപ്പോള്‍ തന്നെ തൊട്ടടുത്ത സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചെന്ന് ലോക്കോ പൈലറ്റ് വ്യക്തമാക്കി.
അതേസമയം ട്രാക്കിനടുത്ത് പരിപാടി നടക്കുന്ന വിവരം റെയില്‍വേ അധികൃതരെ അറിയിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നു ആരോപണം ഉണ്ട്. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചിട്ടുണ്ട്.

ചടങ്ങ് സംഘടിപ്പിച്ചതില്‍ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. ട്രെയിന്‍ വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുകയോ ലെവല്‍ ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ സംഭവസ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം ലെവല്‍ ക്രോസ് അടച്ചിരുന്നുവെന്ന വിശദീകരണമാണ് റെയില്‍ വേ നല്‍കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് സംഘടിപ്പിച്ച ദസറാ ആഘോഷത്തിനിടെയാണ് അപകടമുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗറാണ് പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയത്. അപകടം നടന്ന ഉടന്‍ തന്നെ നവജ്യോത് കൗര്‍ സ്ഥലത്ത് നിന്ന് പോയെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ താന്‍ വീട്ടിലെത്തിയ ശേഷമാണ് അപകടമുണ്ടായതെന്നും തിരികെയെത്തണമോയെന്ന് പോലീസ് കമ്മീഷണറോട് ചോദിച്ചപ്പോള്‍ വേണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നുവെന്നും നവജ്യോത് കൗര്‍ അറിയിച്ചു.

അമൃത്സറിനടുത്ത് ജോധ ഫടക്ക് മേഖലയില്‍ ചൗര ബസാറിനോടു ചേര്‍ന്നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തം. ശനിയാഴ്ച സംസ്ഥാനത്തുടനീളം ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സംഭവത്തില്‍ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. വെള്ളിയാഴ്ച ഇസ്രയേലിലേക്കു പോകാനിരുന്ന അമരീന്ദര്‍ സിങ് യാത്ര റദ്ദാക്കി ഇന്ന് അമൃത്സറിലേക്കു പോകും.

യുഎസിലുള്ള കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ സന്ദര്‍ശനം റദ്ദാക്കി ഇന്ത്യയിലേക്കു തിരിച്ചു. ജലന്തര്‍–അമൃത്സര്‍ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും താല്‍ക്കാലികമായി നിര്‍ത്തലാക്കി. ട്രെയിനുകളില്‍ ചിലത് ജലന്തറിനു സമീപം പിടിച്ചിട്ടിരിക്കുകയാണ്. ശേഷിച്ചവ വഴി തിരിച്ചുവിട്ടു. അപകടസമയത്ത് മുന്നൂറോളം പേര്‍ പാളങ്ങളിലുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. പ്രദേശത്ത് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.റെയില്‍വേ ഗേറ്റ് അടയ്ക്കാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button