Latest NewsIndia

ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

മൂന്ന് ദിവസം മുന്‍പാണ് മരണം സംഭവിച്ചത് എന്നു പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

മാസങ്ങള്‍ക്ക് മുന്‍പാണ് വടക്കന്‍ ദില്ലിയിലെ ‘ബുരാരി’യില്‍ പതിനൊന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.ഒക്ടോബര്‍ ഇരുപതാം തീയതി ശനിയാഴ്ച രാവിലെ ‘ഫരീദാബാദ്,ദയാല്‍ബാഗിലെ താമസക്കാരും അത്തരമൊരു നടുക്കുന്ന വാര്‍ത്ത കേട്ടാണ് ഉണരുന്നത്. മരണം തുടര്‍ക്കഥ പോലെ പിന്തുടരുന്ന ഒരു കുടുംബത്തിലെ അവശേഷിച്ച നാലംഗങ്ങളുടെയും ആത്മഹത്യാവാര്‍ത്ത ബുരാരിയിലെ കൂട്ട ആത്മഹത്യയെപ്പോലെ പേടിയോടെ നോക്കിക്കാണുകയാണ് തദ്ദേശവാസികള്‍. സൂരജ് കുണ്ഡ്,ദയാല്‍ബാഗിലെ ‘അമന്‍ അപ്പാര്‍ട്‌മെന്റ്‌സ്’ ലെ ഫ്‌ലാറ്റ് നമ്പര്‍ 100 ലെ താമസക്കാരായ നാലു സഹോദരങ്ങളാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.മാസങ്ങള്‍ക്ക് മുന്‍പ് ചെറിയ ഇടവേളകളിലാണ് ഇവരുടെ പിതാവും ,മാതാവും ,ഇളയ സഹോദരനും വിവിധ കാരണങ്ങളാല്‍ മരണമടഞ്ഞത്.

സഹോദരങ്ങളായ മീനാ മാത്യൂസ്(41), ബീനാ മാത്യൂസ് (40), പ്രദീപ് മാത്യൂസ് (38), ജയാ മാത്യൂസ് (39) എന്നിവരാണ് തൂങ്ങിമരിച്ചത്.കാലത്ത് പ്രധാനവാതിലൂടെ രക്തമൊഴുകി വരുന്നത് കണ്ട് അയല്പക്കക്കാരാണ് പോലീസിനെ വിളിച്ചത്.പോലീസെത്തി പ്രധാനവാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് നാലു പേരെയും ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 6 മാസങ്ങള്‍ക്കുള്ളില്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും മരണപ്പെട്ടത് നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി.

ഹരിയാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പില്‍ ജോലി ചെയ്തിരുന്ന പരേതനായ ജോയല്‍ മാത്യൂസിന്റെയും പരേതയായ ആഗ്‌നേസ് മാത്യൂസിന്റെയും മക്കളാണ് ഇവര്‍. ഈ വര്‍ഷം ഏപ്രിലിലുണ്ടായ പിതാവിന്റെ വിയോഗം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിച്ചിരുന്നു.ബൈക്കപകടത്തില്‍ ശയ്യാവലംബിയായിരുന്ന ഇളയ സഹോദരന്‍ സഞ്ജു മാത്യൂസും (30) പ്രമേഹരോഗിയായ മാതാവും വലിയ ഇടവേളകളില്ലാതെ മരണപ്പെട്ടത് ഇവരെ മാനസികമായി തളര്‍ത്തുകയും ചെയ്തിരുന്നു. പിതാവിന്റെ മരണശേഷമാണ് ക്വാര്‍ട്ടേഴ്‌സ് വിട്ട് അമന്‍ അപാര്‍ട്‌മെന്റിലെ നൂറാം നമ്പര്‍ ഫ്‌ലാറ്റിലെ താമസക്കാരായി ഇവരെത്തുന്നത്.

ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും മാനസികാഘാതവും മൂലമാണ് തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെന്നും തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്.ഇളയ സഹോദരന്‍ ഉപയോഗിച്ചിരുന്ന വീല്‍ചെയര്‍,ബെഡ്,പുതുതായി വാങ്ങിയ ചില പാത്രങ്ങള്‍,ഒരു ഡിന്നര്‍ സെറ്റ്,കമ്പിളി എന്നിവ ഏതെങ്കിലും അനാഥമന്ദിരത്തിലേയ്ക്ക് നല്കണമെന്നും ഇളയ സഹോദരന്‍ സഞ്ജുവിന്റെ ബൈക്ക് ആപത്ഘട്ടത്തില്‍ സഹായിച്ച സുഹൃത്ത് ഉപേന്ദ്രയ്ക്ക് നല്കണമെന്നും കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നു.വീട്ടിലെ അവശേഷിക്കുന്ന സാധനങ്ങള്‍ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് തങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ വടക്കന്‍ ദില്ലിയിലെ ‘ബുരാരി സെമിത്തേരി’യില്‍ നടത്തണമെന്നും അന്ത്യാഭിലാഷമായി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നു.കഴിഞ്ഞ ആറ് മാസങ്ങളിലായി പിതാവും,മാതാവും,ഇളയ സഹോദരനും മരണപ്പെട്ടത് മൂലമുണ്ടായ മാനസിക സംഘര്‍ഷമാവാം ഇവരെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. സംശയാസ്പദമായ സാഹചര്യങ്ങളൊന്നും നിലവിലില്ലാത്തതിനാല്‍ ജനങ്ങളും അത് ശരി വെയ്ക്കുന്നു. എന്തായാലും ബുരാരി മോഡല്‍ കൂട്ട ആത്മഹത്യ ഫരീദ്ബാദ്,സൂരജ് കുണ്ഡിലെ ദയാല്‍ബാഗിലെയും ,ദില്ലിയിലെയും,പരിസരപ്രദേശങ്ങളിലെയും ജനസമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button