ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ സംസ്ഥാനത്തെങ്ങും ഗതാഗത സ്തംഭനം. ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താലിന് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.പുലര്‍ച്ചെ കോഴിക്കോട് കെ.എസ്.ആര്.ടി.സിയുടെ രണ്ട് സ്കാനിയ ബസുകള്‍ക്ക് നേര കല്ലേറുണ്ടായി. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞത്.
ഇതേ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി സര്‍വീസ് നിറുത്തിവച്ചു. മറ്റിടങ്ങളിലൊന്നും തന്നെ ഇതുവരെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കണം എന്ന് എന്‍ഡിഎ ചെയര്മാന് അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍. നിലയ്ക്കലില്‍ ബുധനാഴ്ച പലതവണ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. സമരക്കാര്‍ നിര്‍ത്താതെ കല്ലെറിഞ്ഞതോടെ പൊലീസും തിരിച്ചെറിഞ്ഞു. മാധ്യമങ്ങളുടേതടക്കം ഒട്ടേറെ വാഹനങ്ങള്‍ തകര്‍ത്തു.മൂന്ന് പൊലീസുകാര്‍ക്കും അഞ്ച് പ്രതിഷേധക്കാര്‍ക്കും ഗുരുതര പരുക്കേറ്റു.
അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ സന്നിധാനത്ത് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍നിന്നു വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതില്‍നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. അതേസമയം, അക്രമം കാട്ടിയത് അയ്യപ്പഭക്തരാണെന്നു ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു. അയ്യപ്പഭക്തരുടെ പ്രവൃത്തിയുടെ ഉത്തരവാദിത്തം ബിജെപിക്കും ആര്‍എസ്എസിനുമല്ലെന്നും സുരേന്ദ്രന് പറഞ്ഞു. ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡെ തുടങ്ങിയ മാധ്യമങ്ങളുടെ സംഘങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി.
വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. ന്യൂസ്18 റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ദ് ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍നിന്ന് ഇറക്കിവിട്ടു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിച്ചു. അതേസമയം ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ലെന്ന് യുഡിഎഫ് അറിയിച്ചു. തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്നലെ തുറന്നതോടെ പമ്പയിലും നിലയ്ക്കലിലും പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ ഇന്ന് കാര്യമായ പ്രതിഷേധക്കാരെ ഒന്നും ശബരിമലയില്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.
ഭക്തര്‍ ശബരിമലയിലേക്ക് രാവിലെ തന്നെ എത്തി തുടങ്ങിയിട്ടുണ്ട്. എന്നാൽ ശബരിമല നാമജപയാത്ര പോലെ കൂടുതൽ സ്ത്രീകൾ തെരുവിൽ ഇറങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ പോലീസ് കടുത്ത പ്രതിസന്ധിയിലാകും. ആന്ധ്രയില്‍ നിന്നും ഇന്നലെ എത്തിയ വനിതാ ഭക്തയായ മാധവി ഇപ്പോഴും പൊലീസ് സംരക്ഷണയില്‍ ഇവിടെ ഉണ്ട്. അവര്‍ ആഗ്രഹിച്ചാല്‍ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് പൊലീസ് സംരക്ഷണയോടെ തന്നെ അവര്‍ക്ക് സന്നിധാനത്ത് എത്താനുള്ള അവസരം ഒരുക്കും. തുലാമാസ പൂജയുടെ രണ്ടാം ദിവസമായ ഇന്ന് നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പമ്പയില്‍ ഇന്ന് പൊതുവേ സ്ഥിതിഗതികള്‍ ശാന്തമാണ്.
Post Your Comments