കൊച്ചി: പ്രളയശേഷം കേരളത്തെ കരകയറ്റാനും പുനര്‍നിര്‍മ്മിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ നവകേരള ലോട്ടറിയുടെ ഒന്നാം സമ്മാനങ്ങളില്‍ ഒന്ന് ലഭിച്ചത് പ്രളയബാധിതനായാ റോയിക്ക്. എറണാകുളം ചിറ്റൂര്‍ സ്വദേശിയായ കുമ്പാനായില് റോയിക്ക് ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയാണ് ലഭിച്ചത്. 90 പേര്‍ക്കായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്.
വെള്ളപൊക്കം മൂലം നാട് മുഴുവന്‍ വെള്ളത്തിലായപ്പോള്‍ അതില്‍ തയ്യല്‍ തൊഴിലാളിയായ റോയിയുടെ വീടും ഉള്‍പ്പെട്ടിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീടിന്റെ വാതില്‍ തകരുകയും വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള പലവസ്തുക്കളും നശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു റോയിയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബവും. സര്‍ക്കാരില്‍നിന്നു ദുരിതാശ്വാസമായി ലഭിച്ച 10,000 രൂപയും സുഹൃത്തുക്കളില്‍നിന്നു കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് ഇദ്ദേഹം പ്രളയനാന്തരം അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയത്.
നറുക്കെടുപ്പിനു ഏതാനും മിനിറ്റുകള്‍ക്കു മുമ്പേയാണ് താന്‍ ടിക്കറ്റെടുത്തത് എന്നും പലപ്പോഴും ചെറിയ തുകയ്ക്കുള്ള ടിക്കറ്റുകള്‍ എടുക്കുമായിരുന്നു എന്നും റോയ് പറയുന്നു. കൂടാതെ തന്നെ പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാനുള്ള സര്‍ക്കാര്‍ യജ്ഞത്തില്‍ പങ്കാളിയാകണമെന്ന ഉദ്ദേശ്യത്തോടെയാണ് ടിക്കറ്റെടുത്തതെന്നും ദിവസങ്ങളോളം അനുഭവിച്ച ദുരിതം മാത്രമായിരുന്നു മനസ്സിലെന്നും റോയ് കൂട്ടിച്ചേര്‍ത്തു.
Post Your Comments