വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മൃഗശാലയില്‍ ഇന്ത്യക്കാരിയായ സുജാതയ്ക്ക് സുഖമരണം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമായിരുന്നു സുജാതയുടെ മരണം.
ഒന്നര വയസുള്ളപ്പോഴാണ് സുജാത എന്ന കുട്ടിയാന ആദ്യമായി അമേരിക്കയിലെത്തിയത്. 1972 ലായിരുന്നു അതെന്ന് കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറ മൃഗശാല സിഇഒ റിച്ച് ബ്ലോക് പറഞ്ഞു. മാക് എന്ന ആനക്കുട്ടിയും അന്ന് സുജാതയ്ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ 46 വര്‍ഷമായി സുജാതയുടെ കൂട്ടുകാരനായി മാക് ഒപ്പമുണ്ട്.
മൃഗശാല ജീവനക്കാര്‍ ഏറെ ദു:ഖത്തോടെയാണ് സുജായതയുടെ വിയോഗം കേട്ടത്. സാന്ത ബാര്‍ബറയില്‍ എല്ലാവരുടെയും പെറ്റായിരുന്നു അവളെന്നും ബ്ലോക് പറഞ്ഞു. മൃഗശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ബ്ലോക് സുജാത ചെരിഞ്ഞ കാര്യം അറിയിച്ചിരിക്കുന്നത്. മൃഗശാലയിലെ രണ്ട് ഏഷ്യന്‍ ആനകളില്‍ ഒന്നായിരുന്നു 47 കാരിയായ സുജാത. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരോഗ്യപ്രശ്നങ്ങള്‍ ഈ ആനയെ അലട്ടിത്തുടങ്ങിയിരുന്നു.
ലേസര്‍ തെറാപ്പി, സ്റ്റെം സെല്‍ ചികിത്സ, ഫിസിക്കല്‍ തെറാപ്പി, ഹൈഡ്രോ തെറാപ്പി, മറ്റ് മരുന്നുകള്‍ തുടങ്ങിയവ ലഭ്യമാക്കിയെങ്കിലും കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ആരോഗ്യം തീരെ ക്ഷയിക്കുകയായിരുന്നു. തന്നെ പരിപാലിക്കുന്നവരുമായി അസാധാരണമായ വിധം ഇണങ്ങിയാണ് സുജാത മൃഗശാലയില്‍ കഴിഞ്ഞിരുന്നത്. 46 വര്‍ഷമായി കൂടെയുണ്ടായിരുന്ന മാക്കായിരുന്നു അടുത്ത ചങ്ങാതി. മൃഗശാലയില്‍ എത്തുന്ന കുടുംബങ്ങളോടും വളരെ പെട്ടെന്ന് ഇണങ്ങുന്നതിനാല്‍ മൃഗശാലയ്ക്ക് പുറത്തും തന്നെ സ്നേഹിക്കുന്ന ഒരു വിഭാഗത്തിനെ സൃഷ്ടിക്കാന്‍ സുജാതയ്ക്ക് കഴിഞ്ഞിരുന്നു.
Post Your Comments