KeralaLatest News

സിനിമയിലെ പോലെ ജീവിതത്തിലും സിദ്ധിഖ് വില്ലന്‍ തന്നെ

സിനിമയേയും വെല്ലുന്ന അഭിനയമായിരുന്നു അന്ന് സിദ്ദിഖ് നടത്തിയതെന്ന് പിന്നാലെയെത്തിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

കോമഡി കഥാപാത്രങ്ങള്‍ക്കൊപ്പം വില്ലന്‍ കഥാപാത്രങ്ങളും ചെയ്യുന്നുണ്ട് നടന്‍ സിദ്ദിഖ്. എന്നാല്‍ അടുത്തിടെ നടന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ശരീരഭാഷയും ശൈലിയുമെല്ലാം കണ്ടാല്‍ തോന്നുന്നത് ഹാസ്യകഥാപാത്രത്തേക്കാള്‍ അദ്ദേഹത്തിന് വഴങ്ങുന്നത് വില്ലന്‍ കഥാപാത്രമാണെന്നാണ്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒന്നുമറിയില്ലെന്ന തരത്തില്‍ എത്ര ആധികാരികമായാണ് അദ്ദേഹം വിവരങ്ങള്‍ അവതരിപ്പിച്ചത്. ഒപ്പം മലയാളത്തിന്റെ പ്രിയ നടി കെപിസിസി ലളിത കൂടി ചേര്‍ന്നതോടെ അമ്മയുടെ ശക്തരായ വക്താക്കളാണ് ഇരുവരുമെന്ന് അത് കേട്ടിരുന്നവര്‍ക്ക് തോന്നുകയും ചെയ്തു. എന്നാല്‍ സിനിമയേയും വെല്ലുന്ന അഭിനയമായിരുന്നു അന്ന് സിദ്ദിഖ് നടത്തിയതെന്ന് പിന്നാലെയെത്തിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കത്തിക്കയറി സിദ്ദിഖ്

സിനിമയിലെ വനിത കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുടെ ആരോപണത്തിനെതിരെയാണ് സിദ്ദിഖും കെപിസിസി ലളിതയും സംയുക്തമായി മാധ്യമങ്ങളോട് സംസാരിച്ചത്. ആരോപണം ബാലിശമാണെന്നും ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത് എ.എം.എം.എ ജനറല്‍ ബോഡിയാണെന്നും അന്ന് സിദ്ദിഖ് പറഞ്ഞു. ബി. ഉണ്ണികൃഷ്ണന്റെ കൂടെ ദിലീപ് ജോലി ചെയ്യുന്നതാണ് ഒരു പെണ്‍കുട്ടിയുടെ പ്രശ്നമെന്നും അയാളുടെ തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും ചോദിച്ച് ദിലീപിനെ ന്യായീകരിക്കുകയും മോഹന്‍ലാലിനെ പുകഴ്ത്തി പറയുകയും ചെയ്ത് കത്തിക്കയറുകയായിരുന്നു മാധ്യമങ്ങളുടെ മുന്നില്‍ സിദ്ദിഖ്. ഡബ്യുസിസിയെ രൂക്ഷമായി വിമര്‍ശിച്ച സിദ്ദിഖ്
ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ് , ഞങ്ങളുടെ സഹോദരിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ഒരു വ്യക്തിയും സംഘടനയേക്കാള്‍ വലുതല്ലെന്ന് കൂടി ഓര്‍മ്മിപ്പിച്ചാണ് സിദ്ദിഖ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

മണിക്കൂറുകള്‍ക്കകം ഇരട്ടമുഖം പുറത്ത്

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദിലീപിനെ ന്യായീകരിച്ച് വലിയ പ്രസംഗം നടത്തിയ സിദ്ദിഖിന്റെ ഇരട്ടമുഖം മണിക്കൂറുകള്‍ക്കകം വെളിപ്പെട്ടു. സിദ്ദീഖ് പൊലീസിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്തായതോടെ സിദ്ദിഖ് ദിലീപിന് എതിരെ മൊഴി നല്‍കിയെന്ന കാര്യമാണ് പുറത്തായത്. ദിലീപിന്റെ ഇടപെടല്‍ മൂലം നടിയുടെ അവസരങ്ങള്‍ നഷ്ടമായതായി തനിക്ക് അറിയാം എന്ന് പൊലീസിന് മൊഴി കൊടുത്ത നടന്‍ ആക്രമണത്തിനിരയായ നടിക്ക് ദിലീപ് അവസരങ്ങള്‍ നിഷേധിച്ചല്ലോ എന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇതിന് വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. ദിലീപിന്റെ ഇടപെടല്‍ മൂലം ഒട്ടേറെ അവസരങ്ങള്‍ നഷ്ടമായതായി പീഡനത്തിനിരയായ നടിയും തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോള്‍, അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ഇക്ക ഇടപെടരുതെന്നുമാണ് ലഭിച്ച മറുപടിയെന്നുമാണ് സിദ്ദീഖിന്റെ മൊഴിയില്‍ പറയുന്നത്.

ദിലീപിനെ ന്യായീകരിച്ച് ലാലിനെ പുകഴ്ത്തി സിദ്ദിഖിന്റെ തന്ത്രം

അപ്പോള്‍ പിന്നെ ആര്‍ക്ക് വേണ്ടിയായിരുന്നു സിദ്ദിഖ് പരസ്യമായി ദിലീപിനെ ന്യായീകരിച്ചത്. വനിതാസംഘടന ശക്തമായ പരാതയുമായി നില്‍ക്കുമ്പോള്‍ സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനം താരസംഘടനയായ അമ്മയ്ക്ക് ദോഷം ചെയ്യുന്നതായി. ഇതോടെ അമ്മയുെട പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മോഹന്‍ലാല്‍ തന്നെയാണ് വീണ്ടും പഴി കേള്‍ക്കേണ്ടി വന്നത്. അപ്പോള്‍ ദിലീപിന്റെ മറവില്‍ ഡബ്യുസിസിയെ കുറ്റപ്പെടുത്തി മോഹന്‍ലാലിനെതിരെയുള്ള വികാരം ശക്തമാക്കാനുള്ള സിദ്ദിഖിന്റെ നീക്കമായിരുന്നു ജനം കണ്ടത്. ഇതിന് പിന്നാലെ അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുകയും ചെയ്തു. ഡബ്ല്യുസിസിക്ക് മറുപടിയെന്ന നിലയില്‍ അമ്മയുടെ ട്രഷറര്‍ കൂടിയായ നടന്‍ ജഗദീഷ് വാര്‍ത്താ കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് സിദ്ദിഖും കെപിഎസി ലളിതയും സമ്മേളനം വിളിച്ചത്. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലുമായി സംസാരിച്ച ശേഷം ഇറക്കിയതാണെന്ന് പറഞ്ഞ പത്രക്കുറിപ്പില്‍ ഡബ്ല്യുസിസിയുടെ പരാതികള്‍ പരിശോധിക്കാമെന്നും ചര്‍ച്ചകള്‍ നടത്താമെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജഗദീഷ് സംഘടനയുടെ വക്താവല്ലെന്നും അദ്ദേഹം ഇറക്കിയ പത്രക്കുറിപ്പിനെ കുറിച്ച് അറിയില്ലെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.

ലക്ഷ്യം പ്രസിഡന്റ് സ്ഥാനമോ

സംഘടനയില്‍ നിന്നും രാജിവച്ചു പോയവരെ തിരികെ കൊണ്ടുവരുന്നതില്‍ മോഹന്‍ലാലിന് പോലും സന്തോഷമേയുള്ളു. എന്നാല്‍ സിദ്ദിഖ് പറഞ്ഞത് മാപ്പ് പറഞ്ഞാലേ തിരികെ എടുക്കൂ എന്നാണ്. ഇതവരെ അപമാനിക്കുന്നത് തുല്യമാണെന്നാണ് ജഗദീഷ് ചൂണ്ടിക്കാണിക്കുന്നത്. സിദ്ദിഖിന്റെ അഭിപ്രായപ്രകടനങ്ങള്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കുന്നതാണെന്ന് സംഘടനയ്ക്കുള്ളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. മോഹന്‍ലാലിനെ ബലിയാടാക്കി സിദ്ദിഖിന് അമ്മയുടെ നേതൃത്വത്തില്‍ എത്താനുള്ള തന്ത്രമാണിതെന്നാണ് ചില മുതിര്‍ന്ന ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്തായാലും ഈ മാസം 19ന് നടക്കുന്ന അടിയന്തര എക്സിക്യുട്ടീവ് യോഗം വരെ ‘അമ്മ’യെ പ്രതിനിധീകരിച്ച് അംഗങ്ങള്‍ ആരും പരസ്യപ്രസ്താവന നടത്തരുതെന്ന കര്‍ശന നിര്‍ദേശഃ മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്.

‘അമ്മ’ നിര്‍വാഹക സമിതിയിലെ ഒരു വിഭാഗം സിദ്ദിഖിനെ പിന്തുണയ്ക്കുന്നവരാണ്. സിദ്ദിഖാണ് ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയതെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരിക്കെ ആ പണി വേറെ ആരും ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടിലാണ് നിര്‍വാഹക സമിതിയില്‍ മോഹന്‍ലാലിനെ അനുകൂലിക്കുന്ന വിഭാഗം. ജഗദീഷിന്റെഔദ്യോഗിക വിശദീകരണത്തെ തള്ളിപ്പറഞ്ഞ സിദ്ദീഖ് എക്സിക്യുട്ടീവ് അംഗം പോലും അല്ലാത്ത കെപിഎസി ലളിതയെ ഒപ്പം കൂട്ടിയത് എന്തിനാണെന്നും വിമര്‍ശനമുണ്ട്. ചുരുക്കത്തില്‍ ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നതരത്തിലുള്ള റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ എത്തിക്കുന്നതിനായിരുന്നു സിദ്ദിഖിന്റെ ശ്രമം. പക്ഷേ പൊലീസിന് നല്‍കിയ മൊഴിയും ജഗദീഷും ബാബുരാജും നടത്തിയ പ്രസ്താവനകളും നടനെ പ്രതിരോധത്തിലാക്കി. സിദ്ദിഖിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവമാണെങ്കില്‍ സിനിമയിലെ വില്ലന്‍ വേഷത്തെ വെല്ലുന്ന കളിയാണ് സിദ്ദിഖ് കളിക്കുന്നത്. പക്ഷേ സിനിമയിലേതുപോലെ തന്നെ വില്ലന്റെ മുഖം തിരിച്ചറിയപ്പെട്ടു എന്നതാണ് സിദ്ദിഖിന് നേരിടേണ്ടി വന്ന പരാജയം.

shortlink

Post Your Comments


Back to top button