പ്രളയദുരിതാശ്വസത്തില് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തുന്ന യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. ഇന്ന് മുതല്‍ നാല് ദിവസം മുഖ്യമന്ത്രി പിണറായി വിജയന് യു.എ. ഇയിലുണ്ടാകും. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും.
മുഖ്യമന്ത്രി അബൂദബിയില്‍ നിന്നാണ് യു.എ.ഇ പര്യടനം തുടങ്ങുക. ഇന്ന് രാവിലെ അബൂദബി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എംബസി പ്രതിനിധികളും വ്യവസായ പ്രമുഖരായ എം.എ യൂസഫലി, ആസാദ് മൂപ്പന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാത്രി വരെ അദ്ദേഹം അബൂദബി ദൂസിത്താനി ഹോട്ടലില്‍ വിശ്രമത്തിലായിരിക്കും.
ഇന്ന് രാത്രി ഏഴരക്ക് ബിസിനസ് കൂട്ടായ്മയായ ഐപിബിജി ഒരുക്കുന്ന അത്താഴവിരുന്നില്‍ ബിസിനസ് പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നാളെ രാത്രി ഏഴിന് അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലാണ് ആദ്യ പൊതുസമ്മേളനം നടക്കുക. യു.എ.ഇ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
Post Your Comments