പത്തനംതിട്ട: മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ടെന്നും അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും തുറന്ന് പറഞ്ഞ് ഐജി മനോജ് എബ്രഹാം. ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതികളെന്നല്ല ആര് വന്നാലും പക്ക സുരക്ഷ ഉണ്ടാകുമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കനത്ത സുരക്ഷ ശബരിമല പരിസരത്ത് ഒരുക്കിയിട്ടുണ്ടെന്നും നട തുറക്കുന്ന ദിവസമായതിനാലാണ് ഇന്ന് സുരക്ഷ കര്‍ശനമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി നിലയ്ക്കലില്‍ സംഘര്‍ഷം നടക്കുകയാണ്. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. തുടര്‍ന്ന് ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ പോലീസ് പൂര്‍ണമായും അഴിച്ചുമാറ്റി. എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ പൊലീസെത്തി സമരപ്പന്തല്‍ പൊളിച്ച് നീക്കുകയായിരുന്നു. സമര രീതി മാറിയതോടെ,രണ്ടു ബറ്റാലിയന്‍ വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്.
അതേസമയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പ വരെ സര്‍വീസ് നടത്തുന്നുണ്ട്. നിലയ്ക്കലില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. ഇന്നലെ രാത്രി നിലയ്ക്കലില്‍ വാഹനം തടഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. കൂടുതല്‍ വനിതാ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചു.
ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ബസില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീയെ, സമരക്കാരായ സ്ത്രീകള്‍ ബസില്‍ നിന്നും മര്‍ദ്ദിച്ച് ഇറക്കിവിട്ടിരുന്നു. ബന്ധുവിനോപ്പം എത്തിയ ചെന്നൈ സ്വദേശിനിയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബന്ധുവിനും മര്‍ദ്ദനമേറ്റു. ഇവരെ പിന്നീട് പോലീസെത്തി പോലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
പമ്പയിലും നിലയ്ക്കലിലുമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. അതേസമയം, പമ്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്. തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്യണം. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്കു പോകണം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments