ബാലരാമപുരം: പ്രവേശനോത്സവത്തിന് മുമ്പ് സംസ്ഥാന സ്കൂളുകളെ ഹൈടെക് ആക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബാലരാമപുരം ഹയർസെക്കൻഡറി സ്കൂൾ ദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ തറക്കല്ലിടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
800 കോടി രൂപയാണ് സ്കൂളുകൾ ദേശീയനിലവാരത്തിലേക്ക് ഉയർത്തുവാൻ സർക്കാർ ചെലവിടുന്നത്.
കൂടാതെ എൽ.പി.സ്കൂളുകളും ഈ വർഷം ഹൈടെക്ക് ആക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 300 കോടി രൂപ അനുവദിച്ചു. ഹൈടെക് പഠനരീതി നടപ്പാക്കാൻ വേണ്ട പരിശീലനവും അദ്ധ്യാപകർക്ക് ഇതിനോടകം നൽകി കഴിഞ്ഞു. ഇതോടെ ഇന്ത്യയിൽ ആദ്യമായി സ്കൂളുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർന്നാൽ മാത്രമേ സ്കൂളുകൾ ഹൈടെക് ആവുകയുള്ളൂവെന്നും കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും നടത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments