നിലയ്ക്കല്‍: പമ്പയിലേക്ക് 10നും 50നും വയസ്സിന് ഇടയില്‍ പ്രായമുള്ള സ്ത്രീകളെ കയറ്റി വിടില്ലെന്ന ഉറച്ച നിലപാടില്‍ പ്രതിഷേധക്കാര്‍. നിലയ്ക്കലിന് അപ്പുറം സ്ത്രീകളെ കയറ്റി വിടേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കലില്‍ ഉപരോധം തുടങ്ങി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിടില്ല. സംഘപരിവാര്‍ സംഘടനകളാണ് ഈ പ്രതിഷേധത്തിന് പിന്നില്‍.
വാര്‍ത്തയ്ക്കായെത്തിയ മാധ്യമ പ്രവര്‍ത്തകയെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ തടഞ്ഞത്. പമ്പ വരെ പോകാമെന്നിരിക്കെ പകുതി വഴിക്ക് വച്ച് തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ എത്തി തടയുകയായിരുന്നു. നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരാനുകൂലികളുടെ നിലപാട്. ഇപ്പോള്‍ ബോധവല്‍ക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നും ഇവര്‍ വാദിക്കുന്നുണ്ട്.
പമ്പവരെ സ്ത്രീകളെത്തിയാല്‍ കണ്ണ് വെട്ടിച്ച് അവര്‍ സന്നിധാനത്ത് എത്തുമെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നിലയ്ക്കലിലെ ഉപരോധം. പമ്പയിലേക്കുള്ള മുഴുവന്‍ റോഡിലും നിരീക്ഷണം കര്‍ശനമാക്കും. നിലയ്ക്കൽ, എരുമേലി, പമ്പ ഇവിടെയെല്ലാം സ്ത്രീകൾ പ്രതിരോധം സൃഷ്ടിച്ചു കഴിഞ്ഞു. പമ്പയിലും വലിയ തോതില്‍ ഭക്തരെ അണിനിരത്താനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം.
സ്ത്രീ പ്രവേശനം തടയില്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തുടരുമ്പോഴാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകളെ അടക്കം ഉള്‍പ്പെടുത്തി തടയല്‍ നടക്കുന്നത്. നാളെ വൈകിട്ടാണ് ശബരിമലയില്‍ നട തുറക്കുന്നത്. ഇന്ന് ഉച്ചയോടെ വനിതാ പൊലീസിനെ പമ്പയില്‍ എത്തിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധിക്കാനായി നിലയ്ക്കലില്‍ എത്തിയത്.സ്ത്രീകളാണ് യുവതികളെ തടയുന്നത്.
അതുകൊണ്ട് തന്നെ പൊലീസിനും പ്രശ്‌നത്തില്‍ ഇടപെടാന്‍ ബുദ്ധിമുട്ടുകളുണ്ട്. സ്ത്രീകളെ തടയുന്നത് സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിച്ചാല്‍ പൊലീസും സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തിലാകും. എന്തു വന്നാലും സമരം ശക്തമാക്കുമെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ എത്തുമ്പോള്‍ കോടതിയുടെ നിലപാടും നിര്‍ണ്ണായകമാകും. നാളെ നട തുറക്കും. അതുകൊണ്ട് തന്നെ നിലയ്ക്കലില്‍ സ്ത്രീകള്‍ സംഘടിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ആചാരമനുസരിച്ച് പമ്പവരെ സ്ത്രീകള്‍ക്ക് പോകാം. എന്നാല്‍ അതും അനുവദിക്കില്ലെന്ന നിലപാടും വിശ്വാസികള്‍ എടുക്കുകയാണ്.തൃപ്തി ദേശായിയും മറ്റും വേഷം മാറി പമ്പയിലെത്തി സന്നിധാനത്തേക്ക് കടക്കുമെന്ന് വിശ്വാസികള്‍ കരുതുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഓരോ വാഹനവും പരിശോധിക്കാനുള്ള വിശ്വാസികളുടെ തീരുമാനം. ഇതിന് സ്ത്രീകളാണ് നേതൃത്വം നല്‍കുന്നത്. ഇത് ഏറെ പ്രശ്‌നങ്ങള്‍ പൊലീസിനും സൃഷ്ടിക്കും. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനു തയാറാകുന്നില്ല.
സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നെന്നാണ് സിപിഎം പറയുന്നത്. പാര്‍ട്ടിക്ക് എതിരായ വിധികളുണ്ടായപ്പോള്‍ സിപിഎം പ്രതിഷേധിച്ചത് ജനത്തിന് അറിയാമെന്നും ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു നേരത്തെ ആരോപിച്ചിരുന്നു. സുപ്രീംകോടതിയെയോ ഭരണഘടനയേയോ ക്ഷേത്രങ്ങളിലോ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ അതിന്റെയൊക്കെ വക്താക്കളാകുന്നതിനു പിന്നിലെ കാപട്യം ജനങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments