നിലയ്ക്കല്‍: ശബരിമല തീര്‍ത്ഥാടനം സംഘര്‍ഷത്തിലേക്ക് തന്നെ. നിലയ്ക്കലില്‍ വീണ്ടും സ്ത്രീകളെ തടഞ്ഞ് പ്രതിഷേധക്കാര്‍. പമ്പയിലേക്ക് പോകാനെത്തിയ ജേണലിസം വിദ്യാര്‍ത്ഥികളെയാണ് നിലയ്ക്കലില്‍ തടഞ്ഞത്. കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ ജേണലിസം വിദ്യാര്‍ത്ഥികളെയാണ് ഭക്തര്‍ തടഞ്ഞത്. പത്തനംതിട്ടയില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസിലെത്തിയവരാണ് നിലയ്ക്കലില്‍ പ്രശ്‌നത്തില്‍ പെട്ടത്. ഇവരെ ബസില്‍ നിന്നും സ്ത്രീകൾ നിർബന്ധപൂർവ്വം ഇറക്കി വിട്ടു.. പിന്നീട് പൊലീസ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
നിലയ്ക്കലില്‍ പ്രതിഷേധം നടത്തുന്ന ഭക്തരായ സ്ത്രീകളാണ് പ്രതിഷേധം നടത്തിയത്.നിലയ്ക്കലില്‍ എത്തിയ ബസുകളെല്ലാം സ്ത്രീകള്‍ പരിശോധിക്കുന്നുണ്ട്. ഇതില്‍ നിന്നാണ് സ്ത്രീകള്‍ ബസിലുണ്ടെന്ന് മനസ്സിലാക്കിയത്. ഇതോടെ ഭക്തരായ സ്ത്രീകള്‍ ബസിലേക്ക് ഇരച്ചു കയറുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങാന്‍ രണ്ട് പെണ്‍കുട്ടികളും വിസമ്മതിച്ചു. പമ്പയിലേക്ക് പോവുകയാണെന്നും സുപ്രീംകോടതി വിധി എപ്രകാരം നടപ്പാക്കുമെന്ന് അറിയാനാണ് പോകുന്നതെന്നും ഇവര്‍ പറഞ്ഞു.
കറുത്ത വസ്ത്രം അണിഞ്ഞാണ് രണ്ട് പെണ്‍കുട്ടികളും ബസില്‍ യാത്ര ചെയ്തത്. വനിതാകളായ ആരേയും നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നതാണ് പ്രതിഷേധക്കാരുടെ നിലപാട്. ഇത് പൊലീസിനും വലിയ തിരിച്ചടിയാണ്.ആചാരസംരക്ഷണ സമിതി എന്ന പേരില്‍ നിലയ്ക്കലില്‍ ക്യാംപ് ചെയ്യുന്ന ഒരു വിഭാഗം ഭക്തര്‍ അതു വഴി കടന്നു പോവുന്ന വാഹനങ്ങള്‍ തടയുകയും യാത്രാക്കാരെ ബോധവത്കരിക്കുകയും ചെയ്യുകയാണ്. സംഘത്തിലെ വനിതകളാണ് വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളുണ്ടോ എന്ന് പരിശോധിക്കുന്നത്.
ആചാരസംരക്ഷണസമിതിയുടെ സമരം ഇവിടെ പത്ത് ദിവസം പിന്നിടുകയാണ്. വിധി ഉണ്ടെങ്കിലും പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ആരേയും ശബരിമലയിലേക്ക് കയറ്റി വിടില്ല എന്ന നിലപാടിലാണ് ഇവിടെ തന്പടിച്ച ഭക്തര്‍. നിലയ്ക്കലിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും സ്ത്രീകള്‍ തടയുന്നുണ്ട്. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളവരെ മല കയറ്റാന്‍ സമ്മതിക്കില്ല എന്ന് പ്രഖ്യാപിച്ച ഇവര്‍ യാത്രക്കാരെ ഇക്കാര്യം പറഞ്ഞു ബോധവത്കരിക്കാനും ശ്രമിക്കുന്നുണ്ട്.
അതേസമയം നാളെ വൈകുന്നേരം നട തുറക്കുന്നത് കണക്കിലെടുത്ത് രാവിലെ മുതല്‍ നിലയ്ക്കല്‍, എരുമേലി തുടങ്ങി ശബരിമലയിലേക്കുള്ള പ്രധാന പാതകളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷാകവചം എന്ന പേരില്‍ പ്രതിരോധം ഒരുക്കുന്നുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ച് സ്ത്രീകള്‍ പമ്പയില്‍ എത്തില്ലെന്ന് ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം.
മറുവശത്ത് പൊലീസ് ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. നിലയക്കലിലും പമ്പയിലും വനിതാ പൊലീസ് സംഘത്തെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ വനിതാഭക്തര്‍ കൂടുതലായി മല കയറാന്‍ എത്തിയാല്‍ വനിതാ പൊലീസുകാര്‍ സന്നിധാനത്തേക്ക് നീങ്ങും.
Post Your Comments