KeralaLatest News

തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം കര്‍ശനമായി നേരിടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം കര്‍ശനമായി നേരിടുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. തൊഴിലിടങ്ങളിലെ പീഡനങ്ങളെക്കുറിച്ച് നിരവധി പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സിനിമാ മേഖലയില്‍ നിന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരാതിയുമായും പ്രശ്‌നങ്ങളുമായും രംഗത്തെത്തിയിട്ടുള്ളത്. സിനിമാ മേഖലയില്‍ നിന്നും പരാതികള്‍ വന്ന സാഹചര്യത്തില്‍ അക്കാര്യം പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കും. സിനിമാ മേഖലയില്‍ ഇന്റേണല്‍ കംപ്ലൈന്റ് സെല്‍ രൂപീകരിക്കുന്നതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. മറ്റ് സ്ഥാപനങ്ങളിലെ പോലെ സിനിമാ മേഖലയിലും മറ്റ് പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് രംഗത്തും നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഡബ്ലിയു.സി.സി. അംഗങ്ങളുമായും അഭിഭാഷകരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലിടങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ വനിതാ ശിശു വികസന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. 2013ലെ നിയമ പ്രകാരം ജോലി സ്ഥലത്തെ പീഡനങ്ങള്‍ക്കെതിരെയും ആക്ഷേപങ്ങള്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇന്റേണല്‍ കമ്മിറ്റികളും ലോക്കല്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലായിരുന്നു ഈ കമ്മിറ്റികള്‍. സാമൂഹ്യ നീതി വകുപ്പ് വനിതാ ശിശു വികസന വകുപ്പ് ആയതോടുകൂടി ഈ കമ്മിറ്റികള്‍ വനിതാ ശിശു വികസന വകുപ്പിനു കീഴിലായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ കമ്മിറ്റികള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ പുതിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ കമ്മിറ്റികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും അപാകതകള്‍ പരിഹരിക്കാനും തീരുമാനിച്ചിട്ടണ്ട്.

10 ല്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ കാരണം ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്ക് ആക്രമിക്കപ്പെടുന്നു, പിന്തള്ളപ്പെടുന്നു, തുല്യതയില്ല തുടങ്ങിയവക്കെതിരെ ശക്തമായ നിലപാട് നിലപാടാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 181 എന്ന നമ്പരിലുള്ള കംപ്ലൈന്റ് സെല്‍ രൂപീകരിച്ചിരുന്നു. ഇതില്‍ നിരവധി കോളുകള്‍ വരികയും അവര്‍ക്ക് സഹായമാവുകയും ചെയ്യുന്നുണ്ട്.

ലോക്കല്‍ കമ്മിറ്റി ശക്തിപ്പെടുത്താന്‍ ഐ.സി.ഡി.എസിലെ 258 സിഡിപിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഓരോ സ്ത്രീയ്ക്കും പെട്ടെന്ന് പരാതി നല്‍കാന്‍ വേണ്ടിയായിരുന്നു ഇത്. ഇന്റേണല്‍ കമ്മിറ്റിയ്ക് സിവില്‍ കോടതിയുടെ അധികാരമുണ്ട്. കമ്മിറ്റിയില്‍ പരാതി ലഭിച്ചാല്‍ ചെറിയ കുറ്റമാണെങ്കില്‍ തൊഴിലുടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ക്രിമിനല്‍ കുറ്റമാണെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കാനും അധികാരമുണ്ട്. സിനിമാ മേഖലയില്‍ ഈ കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള സാധ്യത ആരായുന്നതാണ്. ഇതിന്റെ ഭാഗമായി ഡബ്ല്യു.സി.സി അംഗങ്ങളുമായും അഭിഭാഷകരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇത്തരം കമ്മിറ്റികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പരാതി പറയാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയൊരു കമ്മിറ്റി രൂപീകരിക്കാന്‍ ആലോചിച്ചു വരികയാണ്. സിനിമ മേഖല ഒരു വ്യവസായം ആയതിനാലും പ്രതിഫലം നല്‍കുന്നതിനാലും അവര്‍ ഈ നിയമത്തില്‍ വരും.

ഡബ്ല്യുസിസി അംഗങ്ങള്‍ സിനിമയിലെ പല പ്രശ്‌നങ്ങളും സംസാരിച്ചിരുന്നു. ജോലിസ്ഥലത്തെ സമത്വമില്ലായ്മയും ഇകഴ്ത്തപ്പെടലും അവര്‍ ചര്‍ച്ച ചെയ്തു. ഡബ്ല്യുസിസി തുടങ്ങിയ സമയത്ത് അവര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 പേരടങ്ങിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആ കമ്മിറ്റി അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാവും. പരാതി കിട്ടിയാല്‍ കര്‍ശന നടപടിയെടുക്കും.

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്നായിരുന്നു സുപ്രീംകോടതി വിധി. കോടതിവിധി അംഗീകരിക്കുന്നു. ആ വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ദൈവത്തിന് ഭക്തന്മാരായ സ്ത്രീപുരുഷന്മാരുടെ ഇടയില്‍ വിവേചനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി, ഗീത ഗോപാല്‍ എന്നിവര്‍ ചര്‍ച്ചയിലും പത്ര സമ്മേളനത്തിലും പങ്കെടുത്തു.

shortlink

Post Your Comments


Back to top button