പത്തനംതിട്ട:ശബരിമല നട തുലാമാസ പൂജകള്‍ക്ക് തുറക്കാന്‍ രണ്ടു നാള്‍ മാത്രം ശേഷിക്കേ സ്‌ത്രീപ്രവേശന വിധി നടപ്പാക്കാന്‍ ബാദ്ധ്യതയുളള സര്‍ക്കാരിന് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ നടക്കുന്ന ശക്തമായ പ്രതിഷേധം വെല്ലുവിളിയായി തുടരുന്നതിനിടെ സമവായ ചര്‍ച്ചയ്‌ക്ക് ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി.നാളെ ( ചൊവ്വ ) രാവിലെ 10 മണിക്ക് ബോര്‍ഡ് ആസ്ഥാനത്ത് ചര്‍ച്ചയ്‌ക്കായി തന്ത്രി സമാജം, പന്തളം കൊട്ടാരം, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, ശബരിമല തന്ത്രിമാര്‍, താഴമണ്‍ കുടുംബം, യോഗക്ഷേമസഭ എന്നിവരെ വിളിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.
മ ണ്ഡലകാല ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടിയാണ് യോഗം. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമോ എന്ന് ഇവര്‍ തീരുമാനിച്ചിട്ടില്ല.നടതുറക്കുന്നതിന് തൊട്ടുമുന്‍പ് ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചത് എതിര്‍പക്ഷത്തെ അവസാന നിമിഷം വഴങ്ങാന്‍ നിര്‍ബന്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചര്‍ച്ചയ്‌ക്ക് തയ്യാറായില്ലെന്ന പേരുദോഷത്തില്‍നിന്ന് സര്‍ക്കാരിന് രക്ഷപ്പെടാനും കഴിയും. ചര്‍ച്ച നടന്നാലും സ്‌ത്രീപ്രവേശന വിധി നടപ്പാക്കാന്‍ കഴിയാത്ത ഒരു സമവായത്തിന് സര്‍ക്കാരോ ആചാരങ്ങളും വിശ്വാസങ്ങളും ബലികഴിക്കുന്ന ഒത്തുതീര്‍പ്പിന് എതിര്‍പക്ഷമോ വഴങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.
ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. പൂജകള്‍ വ്യാഴാഴ്ച രാവിലെ തുടങ്ങും. പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് അന്നാണ്. മണ്ഡലകാലത്തിനു മുൻപുള്ള അവസാനത്തെ മാസപൂജയ്‌ക്ക് നടതുറക്കുമ്പോള്‍ വിവാദങ്ങളും സംഘര്‍ഷവും ഉണ്ടാവരുതെന്നാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ഒരു സമവായം ഉണ്ടായാല്‍ മണ്ഡലകാല ഒരുക്കങ്ങളിലേക്ക് പ്രശ്നമില്ലാതെ നീങ്ങാം. 17ന് നിലയ്ക്കലിലും എരുമേലിയിലും സ്ത്രീപ്രവേശനത്തിനെതിരെ നാമജപം നടത്തുമെന്ന് ഹിന്ദുസംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
നിലയ്ക്കലില്‍ പര്‍ണശാല കെട്ടിയുള്ള സമരം തുടരുകയാണ്. ഇന്നലെ നടന്‍ ദേവന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ നിന്ന് നിലയ്ക്കലേക്ക് ശബരിമല സംരക്ഷണ യാത്ര നടത്തി. യുവതികളെ തടയാന്‍ പ്രതിഷേധക്കാര്‍ ഇരുമുടിക്കെട്ടുമേന്തി നിലയ്ക്കലും പമ്പയിലും സന്നിധാനത്തും തമ്പടിക്കുമെന്നാണ് സൂചന.50 കഴിഞ്ഞ സ്ത്രീകളെ മലയിലെത്തിച്ച് യുവതികളെ തടയുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.നിലയ്ക്കലും പമ്പയിലും യുവതികളെ തടഞ്ഞാല്‍ സ്ഥിതി ഗുരുതരമാകും.
അതിനിടെ ശബരിമലയില്‍ ഉടനെ എത്തുമെന്ന് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി പറഞ്ഞത് സമരത്തിനു തീവ്രത പകര്‍ന്നിട്ടുണ്ട്.
Post Your Comments