തിരുവനന്തപുരം: ഇനി ട്രെയിൻ യാത്രക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടാൻ സ്റ്റേഷൻ മാസ്റ്ററെ തേടി പോകണ്ട. ട്രെയിൻ യാത്രക്കിടയിൽ കൊള്ളയടിക്കപ്പെട്ടാലും അക്രമത്തിനിരയായാലും പരാതിപ്പെടാനായി റെയിൽവേയുടെ മൊബൈൽ ആപ്പ് റെഡിയായി. സ്ത്രീയാത്രക്കാർ നേരിടുന്ന അതിക്രമങ്ങൾ തടയാൻ മദ്ധ്യപ്രദേശിൽ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് രാജ്യം മുഴുവൻ നടപ്പാക്കുന്നത്
പരാതി നേരെ ആർ.പി.എഫിനാണ് കിട്ടുക. മറ്റ് നടപടികളും അന്വേഷണവും ഉടൻ ആരംഭിക്കും. സീറോ എഫ്. ഐ.ആർ. ആയാണ് പരാതി എടുക്കുക.ബോർഡ് അനുമതി നൽകിയാൽ ഉടൻ നടപ്പാക്കുമെന്ന് ആർ. പി. എഫ്. ഡി.ജി. അരുൺകുമാർ അറിയിച്ചു.
നിലവിലെ രീതി:
1. ടിക്കറ്റ് പരിശോധകൻ നൽകുന്ന അപേക്ഷ പൂരിപ്പിച്ച് നൽകണം.
2.ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തുമ്പോൾ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറണം.
ഫലം:
കാലതാമസം കാരണം കാര്യമായ പ്രയോജനം ഉണ്ടാകാറില്ല. ഉണ്ടായാൽത്തന്നെ അതിനായി യാത്ര ഉപേക്ഷിച്ച് അനിശ്ചിതമായി കാത്തിരിക്കേണ്ടിവരും.
പുതിയ രീതി:
1.മൊബൈൽ ആപ്പിലൂടെ നൽകുന്ന പരാതികൾ സീറോ എഫ്.ഐ.ആറുകളായി പരിഗണിക്കും. ഉടൻ അന്വേഷണം ആരംഭിക്കും. (ഏതു പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാവുന്ന പ്രാഥമിക റിപ്പോർട്ടാണ് സീറോ എഫ്.ഐ.ആർ) ഇത് പിന്നീട് അതിക്രമം നടന്ന സ്ഥലത്തെ പോലീസിന് കൈമാറും)
2. റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥൻ ഉടൻ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
3. സ്ത്രീകൾക്കായി അപായ സൈറണും ആപ്പിലുണ്ട്. ഓഫ്‌ലൈനായും ഈ ആപ്പിൽ പരാതി നൽകാം.
ഫലം:
വേഗത്തിൽ നടപടികൾ നീങ്ങുന്നതിനാൽ അക്രമികൾ പിടിയിലാവാൻ സാധ്യത. കുടുങ്ങുമെന്ന് അറിയാവുന്നതിതനാൽ അതിക്രമങ്ങൾക്ക് ക്രിമിനലുകൾ മടിക്കും. വനിതായാത്രക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും
Post Your Comments