ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടല്‍ കൂട്ടക്കൊല കേസില്‍ മേജര്‍ ജനറലും, മലയാളിയായ കേണലുമടക്കം ഏഴ് സൈനികോദ്യോഗസ്ഥരെ സൈനിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1994 ഫെബ്രുവരി 18 ന് തീന്‍സൂകിയ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഓള്‍ അസം സ്റ്റുഡന്റ്സ് യൂനിയന്‍ നേതാക്കളായ ഒമ്പതു യുവാക്കളെ സംശയത്തിന്റെ പേരില്‍ സൈന്യം പിടികൂടുകയും ഇതില്‍ അഞ്ച് പേരെ ഉള്‍ഫ ഭീകരരെന്ന് പറഞ്ഞ് പിന്നീട് വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയും ചെയ്ത കേസിലാണ് വിധി.
മേജര്‍ ജനറല്‍ എ.കെ. ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍.എസ് സിബിരെന്‍, ക്യാപ്റ്റന്‍ ദിലീപ് സിംഗ്, ക്യാപ്റ്റന്‍ ജഗ്ദേവ് സിംഗ്, നായിക് അല്‍ബീന്ദര്‍ സിംഗ്, നായിക് ശിവേന്ദര്‍ സിംഗ് എന്നിവരെയാണ് വ്യാജ ഏറ്റുമുട്ടലിന്റെ പേരില്‍ സൈനിക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പ്രദേശത്തെ ഒരു തേയിലത്തോട്ടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ഇവരാണെന്ന് പറഞ്ഞാണ് യുവാക്കളെ സൈന്യം പിടികൂടുന്നത്.
അസം മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ജഗദീശ് ഭുയാന്റെ പരാതി പ്രകാരമായിരുന്നു നടപടി. യുവാക്കളെ കാണാതായതോടെ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടണമെന്നാവശ്യപ്പെട്ട് ജഗദീശ് ഭുയാന്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ ഫെബ്രുവരി 22 ന് ഹരജി നല്‍കി. തുടര്‍ന്ന് ഇവരെ എല്ലാപേരെയും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് സൈന്യത്തോട് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ധോല പോലീസ് സ്റ്റേഷനില്‍ അഞ്ച് മൃതദേഹങ്ങളാണ് സൈന്യം ഹാജരാക്കിയത്. കേസില്‍ പ്രതികളായ സൈനികോദ്യോഗസ്ഥര്‍ക്കെതിരായ കോര്‍ട്ട് മാര്‍ഷ്യല്‍ നടപടികള്‍ ഈ വര്‍ഷം ജൂലൈ 16 നാണ് ആരംഭിച്ചത്. ജൂലൈ 27 ന് അവസാനിച്ചു. ശനിയാഴ്ചയായിരുന്നു വിധി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
https://youtu.be/txMDtGDe11E
Post Your Comments