ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ അയാളുടെ പെരുമാറ്റം വഷളാകുമ്പോഴാണ് നാമതിനെ ‘മനോരോഗം’ അഥവ മാനസികപ്രശ്നം എന്നു വിളിക്കുന്നത്. വിവിധ തീവ്രതകളുള്ള വ്യത്യസ്ത തരം മനോരോഗങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. മനോരോഗങ്ങളെ പൊതുവേ രണ്ടായി തരംതിരിക്കാം. ആദ്യ വിഭാഗം രോഗങ്ങളില്‍, രോഗിക്ക് രോഗമുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുകയില്ല. പ്രധാനമായും ‘ചിത്തഭ്രമ’ വിഭാഗത്തില്‍പെടുന്നവര്‍ക്ക്. സംശയരോഗം, സ്കിസോഫ്രീനിയ തുടങ്ങിയവയാണ് ഇക്കൂട്ടത്തില്പെട്ടത്. എന്നാല്‍, രണ്ടാം വിഭാഗം രോഗങ്ങളില്‍ രോഗിക്ക് തനിക്ക് രോഗമുണ്ടെന്ന തിരിച്ചറിവുണ്ടാകും. ഇക്കാരണംകൊണ്ട് ഡോക്ടറെ കണ്ട് ചികിത്സ തേടാന്‍ രോഗി സന്നദ്ധനാകും. വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍, ഒബ്സസിവ് കംപല്‍സിവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി), പൊരുത്തപ്പെടല്‍ പ്രശ്നങ്ങള്‍ എന്നിവയൊക്കെ ഇവരില്‍ കാണപ്പെടുക. അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ മനോരോഗ വര്‍ഗ്ഗീകരണ സംഹിതയായ ‘ഡി.എസ്.എം-5’ പ്രകാരം മുന്നൂറോളം മനോരോഗങ്ങള്‍ നിലവിലുണ്ട്.
ഉറക്കക്കുറവും സഭാകമ്പവും പോലെയുള്ള ലഘു മനോരോഗങ്ങള്‍ തൊട്ട് മേധാക്ഷയം പോലെയുള്ള തീവ്രമായ അവസ്ഥകള്‍ വരെ മനോരോഗങ്ങളുടെ പട്ടികയിലുണ്ട്. ചില മനോരോഗങ്ങള്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദപ്പെടുത്താനാകും. വിഷാദ രോഗം, ഉത്കണ്ഠാരോഗങ്ങള്‍, ഉന്മാദ രോഗം, പൊരുത്തപ്പെടല്‍ പ്രശ്നങ്ങള്‍, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, പൊടുന്നനെയുണ്ടാകുന്ന താത്ക്കാലിക ചിത്തഭ്രമ രോഗങ്ങള്‍ (അക്യൂട്ട് ആന്‍ഡ് ട്രാന്‍സിയന്റ് സൈക്കോസിസ്) എന്നിവയൊക്കെ ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ കഴിയുന്ന മനോരോഗങ്ങളാണ്.
ഇത്തരം മാനസിക രോഗം വന്ന ഒരു വ്യക്തിക്ക് വിവാഹം കഴിക്കാന്‍ സാധിക്കുമോ? അത്ര ലളിതമല്ല ഈ ചോദ്യത്തിന്റെ ഉത്തരം. എന്നാല്‍ കൃത്യമായ ചികിത്സയെടുത്താല്‍, ഈ രോഗങ്ങള്‍ ബാധിച്ചവര്‍ക്കെല്ലാം വിവാഹം കഴിച്ച് സുഖകരമായ ദാമ്ബത്യ ജീവിതം നയിക്കാന്‍ സാധിക്കും.
ദീര്‍ഘകാലം ചികിത്സ വേണ്ടതും, ആവര്‍ത്തന സ്വഭാവമുള്ളതുമായ ചില മനോരോഗങ്ങളും ഉണ്ട്. സ്കിസോഫ്രീനിയ, സംശയ രോഗം, ബൈപ്പോളാര്‍ ഡിസോഡര്‍ (ദ്വിധ്രുവ വൈകാരിക രോഗം) തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടും. ഒരു മനോരോഗ വിദഗ്ദ്ധന്റെ കൃത്യമായ മേല്‍നോട്ടത്തില്‍ ദീര്‍ഘനാള്‍ മരുന്നു കഴിക്കേണ്ടി വരാം ഇത്തരം രോഗബാധിതര്‍ക്ക്. പക്ഷെ കൃത്യമായി ചികിത്സയെടുത്ത് രോഗലക്ഷണങ്ങള്‍ ഫലപ്രദമായി നിയന്ത്രിച്ചാല്‍, ഇക്കൂട്ടരും വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല. ജീവിതപങ്കാളിയുടെ സ്നേഹത്തോടെയുള്ള പരിചരണവും അനുഭാവപൂര്‍വ്വവുമായ നിലപാടുകള്‍ കൂടിയാകുമ്പോള്‍, ഇവരുടെ അവസ്ഥയില്‍ പുരോഗതിയുണ്ടാകാം. എന്നാല്‍ വിവാഹം കഴിച്ചാല്‍, രോഗം മാറുമെന്നു തെറ്റിദ്ധരണയില് മരുന്നുകള്‍ നിര്‍ത്താന്‍ പാടില്ല. വിവാഹശേഷവും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്നുകള്‍ കഴിക്കണം.
തീവ്രമായ ബുദ്ധിമാദ്ധ്യം, ഓട്ടിസം എന്നിവ ചികിത്സിച്ചു മാറ്റാന്‍ കഴിയില്ല. സ്നേഹം പ്രകടിപ്പിക്കാനും മനസ്സിലാക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനുമുള്ള കഴിവില്ലായ്മയും ഇവര്‍ക്ക് വിവാഹജീവിതം പ്രയാസമാക്കിയേക്കാം. കൂടാതെ വളരെയധികം പഴക്കം ചെന്നതും ശാസ്ത്രീയമായ ചികിത്സയെടുക്കാത്തതുമായ ചിത്തഭ്രമ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വിവാഹ ജീവിതത്തിന് തടസ്സം വന്നേക്കാം. ചികിത്സിക്കുന്ന ഡോക്ടറുടെ വിദഗ്ദ്ധാഭിപ്രായം കൂടി തേടിയ ശേഷമേ ഇവര്‍ക്ക് വിവാഹം ആലോചിക്കാവൂ. വിവാഹശേഷവും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ തുടങ്ങുകയും വേണം. രോഗം നിയന്ത്രണത്തിലായ ശേഷം മാത്രമേ ഗര്‍ഭധാരണം ആകാവൂ. ഇക്കാരണം കൊണ്ടു തന്നെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രീയമായി ഉപയോഗിച്ച്, ആസൂത്രിതമായ ഗര്‍ഭധാരണം മാത്രമേ സ്വീകരിക്കാവൂ.
Post Your Comments