![](/wp-content/uploads/2018/10/accident-10.jpg)
തിരുവനന്തപുരം : അപകടത്തില്‍പ്പെട്ട് ടിപ്പറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറുടെ രക്ഷക്കായി ഫയര്‍ഫോഴ്സ് എത്തി. ഇന്നലെ രാവിലെ 7 ന് പേരൂര്‍ക്കട സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു സംഭവം. നഗരത്തിലേക്ക് പാറ കയറ്റി കൊണ്ട് വന്ന ടിപ്പര്‍ നിയന്ത്രണം തെറ്റി ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അരുവിക്കര സ്വദേശി അരുണിനെയാണ്(28) മണിക്കൂറുകള്‍ നീണ്ട് പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
അപകടം സംഭവിച്ചയുടന്‍ നാട്ടുകാര്‍ ഓടികൂടിയെങ്കിലും ഡ്രൈവറുടെ കാല്‍ ക്യാബിനിനുള്ളില്‍ കുടുങ്ങി ഒടിഞ്ഞതിനാല്‍ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ജെ.സി.ബിയുടെ സഹായത്തോടെ ടിപ്പര്‍ വലിച്ചു മാറ്റിയതിന് ശേഷം ഗ്യാസ് കട്ടറുപയോഗിച്ച് ക്യാബിന്‍ പൊളിച്ചായിരുന്നു ഡ്രൈവറെ പുറത്തെത്തിച്ചത്. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജെ.സി.ബി ഉപയോഗിച്ച് ലോറിയെ റോഡിന്റെ വശത്തേക്ക് നീക്കിയിട്ടായിരുന്നു ഇത് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ തുളസീദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
Post Your Comments