റാസല്‍ഖൈമ: എമിറേറ്റില്‍ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങള്‍ കണ്ടെത്തി അവ നീക്കം ചെയ്യുന്ന പദ്ധതിയുമായി നീങ്ങുമ്പോഴാണ് റാസല്‍ഖൈമ പോലീസിന് മുമ്പ് അപകടം ഉണ്ടാക്കി നിര്‍ത്താതെ പോയ കാറ് പിടിച്ചെടുക്കാന്‍ സാധിച്ചത്. ലൈസന്‍സ് നീക്കം ചെയ്ത കാറ് ശ്രദ്ധയില്‍പെട്ട പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. ഉടമയെ കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ലഭ്യമാകാതെ വന്നതോടെ വണ്ടിയുടെ ചെയ്സിസ് നമ്പര്‍ നോക്കി ഉടമസ്ഥനെ കണ്ടെത്തി, അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നുവെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സാം അല്‍ നഖ്ബി പറഞ്ഞു. ഇതുവരെ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 503 വാഹനങ്ങള്‍ ലഭിച്ചു.
റോഡുകള്‍, സ്ക്വയര്‍, താമസസ്ഥലം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങള്‍ കണ്ടെത്തിയത്.നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കും. ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വാഹനമായിരിക്കും ഇതെന്ന നിഗമനത്തിലാണ് തീരുമാനം. നിറം മങ്ങിയ വാഹനങ്ങള്‍, നിയമവിരുദ്ധമായി നിറം മാറ്റുക, സീറ്റുകള്‍ ഇല്ലാതിരിക്കുക, കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ തുടങ്ങിയവയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇവ നീക്കം ചെയ്യാന്‍ ഉടമസ്ഥര്‍ക്ക് 10 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ വാഹനം കസ്റ്റഡിയില്‍ എടുക്കും. പിഴയടച്ചതിനുശേഷമേ പിന്നീട് വിട്ടു നല്‍കുകയുള്ളൂവെന്നും നഖ്ബി വ്യക്തമാക്കി.
Post Your Comments