ദുബായ്: മറീനയിൽ സന്ദർശകർക്ക് കൗതുകമായി വാട്ടർ ഷാർക്ക്. നിരുപദ്രവകാരിയും ഉപകാരിയുമായ വാട്ടർഷാർക്ക് എന്ന ഡ്രോൺ കടലിലെ മാലിന്യങ്ങളാണ് വിഴുങ്ങുന്നത്. പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങൾ, പായൽ തുടങ്ങി വിവിധതരം മാലിന്യങ്ങൾ ഡ്രോണിനടിയിലുള്ള ബാഗിൽ സമാഹരിക്കും. ബാഗ് നിറഞ്ഞാൽ തിരിച്ച് കരയിലേക്ക് നീന്തി മാലിന്യം കരയിൽ ഉപേക്ഷിക്കും. ദുബായിലെ ഇകോകോസ്റ്റ് എന്നസ്ഥാപനവും ദുബായ് മറീന യാട്ട് ക്ലബ്ബും ചേർന്നാണ് സമുദ്രതീരം സംരക്ഷിക്കുന്നതിനായി ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്.
350 കിലോ മാലിന്യം ഒറ്റയടിക്ക് സമാഹരിക്കാൻ പറ്റും. മണിക്കൂറിൽ പത്തുകിലോമീറ്റർ നീന്താൻ പറ്റുന്ന ഡ്രോൺ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കുമെന്നതാണ് പ്രത്യേകത. കൂടാതെ ശുചീകരണം മാത്രമല്ല, സെൻസറുകൾവഴി കടലിലെ പാരിസ്ഥിതികവ്യതിയാനങ്ങൾ, വെള്ളത്തിലെ ലവണാംശം, കടൽജലത്തിന്റെ നിലവാരം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനും വാട്ടർഷാർക്ക് മിടുക്കനാണ്.
Post Your Comments