നവാഡ: ഹിന്ദു യുവാവുമായി ഒളിച്ചോടിയ 18കാരിയായ മുസ്ലീം പെണ്‍കുട്ടിയെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ചൂരല്‍വടി ഉപയോഗിച്ച് തല്ലുകയായിരുന്നു. 5 മണിക്കൂറോളമാണ് ക്രൂരമായ ഈ ശിക്ഷ നടന്നത്. നാട്ടുകൂട്ടത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് തല്ലിയത്. കഴിഞ്ഞ ബുധനാഴ്ച രജൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ ജോഗിയ മരാൻ ഗ്രാമത്തിലായിരുന്നു സംഭവം.
മുഹമ്മദ് ഫരീദ് അൻസാരി എന്നയാളുടെ മകളാണ് സമീപ ഗ്രാമത്തിലെ യുവാവ് രൂപേഷ് കുമാറുമായി പ്രണയത്തിലായത്. വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. തുടര്‍ന്ന് ഞായറാഴ്ച പെൺകുട്ടി വീട്ടിൽ നിന്നും രൂപേഷിനൊപ്പം ഒളിച്ചോടി. അന്വേഷിച്ചിറങ്ങിയ വീട്ടുകാർ രൂപേഷിന്റെ അടുത്തു നിന്നും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുവന്നു. നാടിന് അഭിമാനക്ഷതം ഏല്‍പ്പിച്ച പെണ്‍കുട്ടിക്ക് നാട്ടുകൂട്ടം ശിക്ഷ വിധിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Post Your Comments