KeralaLatest News

കാശ്മീര്‍ ഇല്ലാത്ത ഭൂപടം: പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: കാശ്മീരിനെ പാകിസ്ഥാനില്‍ ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കൊട്ടാരമറ്റത്തെ ആവേ ടവറില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ എടിഎമ്മിനുള്ളിലാണ് കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ആദ്യം കണ്ടെത്തിയത്. കാശ്മീരിന്റെ ഭാഗം പാകിസ്ഥാനൊപ്പം ചേര്‍ത്ത് പാകിസ്ഥാന്‍ പതാകയും ചേര്‍ത്താണ് ഇന്ത്യാ വിരുദ്ധ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ന് പോലീസ് എത്തിയപ്പോള്‍ പരസ്യം നീക്കം ചെയ്ത നിലയിലായിരുന്നു. പാലാ ടൗണിലെ എസ്.ബി.ഐ.യുടെ രണ്ട് എ ടി എമ്മിലും ഇന്ത്യാ വിരുദ്ധ പരസ്യം പതിച്ചിരുന്നു. ഇതും ആരോ ഇളക്കി മാറ്റി എടുത്ത നിലയിലാണ് കാണപ്പെട്ടത്.

ഇന്ത്യാ വിരുദ്ധ പരസ്യം എടിഎമ്മില്‍ ചിത്രീകരിച്ചിരിക്കുന്നതിന്റെ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

എടിഎമ്മിലെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ ഇളക്കി മാറ്റി തെളിവു നശിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഇതിനായി അടിയന്തിരമായി എടിഎമ്മിലെ ക്യാമറകള്‍ പരിശോധിക്കണം. ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ തയ്യാറാക്കിയ എസ്ബിഐക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കുകയും ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. സാധാരണക്കാര്‍ ഈ കുറ്റം ചെയ്താല്‍ സ്വീകരിക്കുന്ന നടപടി ബാങ്കിനെതിരെ അനിവാര്യമാണ്. എസ്.ബി.ഐക്കെതിരെ നടപടി സ്വീകരിക്കുംവരെ പ്രതിഷേധം തുടരുവാന്‍ തീരുമാനിച്ചു.

shortlink

Post Your Comments


Back to top button