ഉപയോ​​ഗശൂന്യമാക്കിയ നിലയിൽ 75,000 രൂപയുടെ നോട്ടുകള്‍

യൂറ്റാ: യൂറ്റാ സ്വദേശികളായ ബെന്നും ജാക്കിയും ഫുട്ബോള്‍ സീസണ്‍ ടിക്കറ്റുകള്‍ എടുക്കുന്നതിന് വേണ്ടി കൂട്ടിവച്ചതാണ് 75,000 രൂപ. 1 വര്‍ഷമായി ഇരുവരും ശേഖരിച്ച് വച്ചതായിരുന്നു തുക. എന്നാല്‍ ഒരാഴ്ച മുമ്പ് പണം സൂക്ഷിച്ച കവര്‍ കാണാതായിരുന്നു.

ശേഷം എല്ലാ ദിവസങ്ങളിലും ഈ കവര്‍ തെരയുന്നതായിരുന്നു ദമ്പതികളുടെ പ്രധാന ജോലി. കഴിഞ്ഞ ദിവസമാണ് തുണ്ടുതുണ്ടാക്കിയ നിലയില്‍ തുക വീട്ടിനകത്ത് നിന്നുതന്നെ കണ്ടെത്തിയത്. അവശിഷ്ടമായി വരുന്ന പേപ്പറുകള്‍ മുറിക്കാനുപയോഗിക്കുന്ന ഷ്രെഡറിനകത്ത് നിന്നാണ് മുറിച്ച പണം കണ്ടെത്തിയത്. തുടര്‍ന്നാണ് നടന്ന സംഭവം മനസിലായത്. പണമടങ്ങിയ കവര്‍, വീട്ടിനകത്ത് കളിക്കുന്നതിനിടെ ഇവരുടെ രണ്ടുവയസ്സുകാരനായ മകന്‍ ലിയോയുടെ കയ്യില്‍പ്പെടുകയായിരുന്നു. കുഞ്ഞ്, കവറിനകത്ത് നിന്ന് പണമെടുത്ത് ഷ്രെഡറിനകത്തേക്ക് ഇടുകയായിരുന്നു. തീരെ ചെറിയ കഷ്ണങ്ങളായി മുറിഞ്ഞ നോട്ടുകള്‍ വീട്ടുകാരുടെ കണ്ണില്‍ പെട്ടില്ല. തെരച്ചിലിനൊടുവിലാണ് ഇത് കണ്ടത്.

രസകരമായ ഇൗ വാർത്ത ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്.പുറത്ത് വിട്ടത്, വെട്ടിയിട്ട നോട്ടുകളും കൂട്ടത്തില്‍ ലിയോയുടെ പടവും ചേര്‍ത്താണ് ട്വീറ്റ്.

Share
Leave a Comment