മുംബൈ: ഡോളറിനെതിരേ രൂപയ്ക്ക് റെക്കോഡ് ഇടിവ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണം. ഡോളറിനെതിരേ രൂപയുടെ മൂല്യം രാവിലെ 73.73 എന്ന നിലവാരത്തിലെത്തി. വരും ദിവസങ്ങളിലും ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അതിനാല്‍ രൂപ വീണ്ടും താഴേക്കു പതിക്കുമെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഡോളറിന് 12 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
ഇറാനില്‍നിന്നുള്ള എണ്ണലഭ്യത കുറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയര്‍ത്തുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 85 ഡോളര്‍ കടന്നത് രൂപയ്ക്ക് തിരിച്ചടിയായി. ബ്രെന്റ് ക്രൂഡ് വില 85.45 ഡോളര്‍ വരെയെത്തിയിരുന്നു. ഇറാനുമേലുള്ള യു.എസ്. ഉപരോധം നവംബര്‍ നാലിനാണ് പൂര്‍ണമായും പ്രാബല്യത്തില്‍ വരുന്നത്.
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വരും മാസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് ഉയര്‍ത്തുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുന്നതും രൂപയുടെ മൂല്യമിടിയാന്‍ കാരണമാകുന്നുണ്ട്.
Post Your Comments