ന്യൂഡൽഹി : കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് ബി.എസ്.പി സഖ്യത്തിനില്ലെന്ന് അധ്യക്ഷ മായാവതി വ്യക്തമാക്കി. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ബി.എസ്.പി തയ്യാറല്ലെന്ന് മായാവതി വിശദീകരിച്ചു. ഇത് കൂടാതെ 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സഖ്യമുണ്ടാകില്ല.
തങ്ങളെ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മായാവതി പത്രസമ്മേളനത്തിൽ ആരോപിച്ചു.മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി. ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ല. ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താമെന്ന വ്യാമോഹമാണ് കോൺഗ്രസിനുള്ളതെന്നും അവർ പറഞ്ഞു.
കോൺഗ്രസിന്റെ അഴിമതികൾ ജനങ്ങൾ മറക്കില്ല. തെറ്റ് തിരുത്താൻ അവർ തയ്യാറായിട്ടുമില്ല. ബിജെപിയെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങൾ ഇതൊന്നും മറക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് ബിജെപി ഏജന്റാണെന്നും അവർ ആരോപിച്ചു. ദിഗ്‌വിജയ് സിംഗ് പോലുള്ള നേതാക്കള്‍ എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയും പോലുള്ള ഏജന്‍സികളുടെ അന്വേഷണത്തെ പേടിക്കുന്നുവെന്നും അത് മൂലം അവര്‍ കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യം ആഗ്രഹിക്കുന്നില്ലായെന്നും മായാവതി പറഞ്ഞു.
മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ബിഎസ്പി ശ്രമിച്ചിരുന്നു. എന്നാൽ സീറ്റ് പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഇരുപാർട്ടികൾക്കും ധാരണയിലെത്താൻ കഴിഞ്ഞില്ല, ഇതെ തുടർന്നാണ് കോൺഗ്രസിനെ കടന്നാക്രമിച്ച് മായാവതി രംഗത്തെത്തിയത്.
Post Your Comments